സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതിയിൽ സഭയുടെ പങ്ക് നിസ്തുലം: മന്ത്രി റോഷി
1508646
Sunday, January 26, 2025 7:09 AM IST
അറക്കുളം: സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ സഭ നൽകിയ പങ്ക് നിസ്തുലമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂബിലി സമ്മാനമായി അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് 10 കംപ്യൂട്ടറും പുത്തൻപള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
70 കോടിയുടെ മലങ്കര-കാഞ്ഞാർ- ത്രിവേണി ടൂറിസം പ്രോജക്ടിന് അനുമതി നൽകിയതായും മൂലമറ്റം കോട്ടമല റോഡ് ഉടൻ നിർമാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, എഫ്സിസി പ്രൊവിൻഷ്യൽ സിസ്റ്റർ ജെസി മരിയ, സെന്റ് ജോസഫ്സ് ആശ്രമം സുപ്പീരിയർ ഫാ. തോമസ് പുതുശേരി, വികാരി ഫാ. മൈക്കിൾ കിഴക്കേപറന്പിൽ, ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ജോർജ് തറപ്പേൽ, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, മെംബർ കൊച്ചുറാണി ജോസ്, ജനറൽ കണ്‍വീനർ കുരുവിള ജേക്കബ് കാരിവേലിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 10 ന് പാലാ ബിഷപ് മാർ. ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശവും ജൂബിലി സ്മാരകമായി നിർമിച്ച മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പും നിർവഹിക്കും.