തടിയന്പാട്ട് 32 കോടിയുടെ പുതിയ പാലം: മന്ത്രി
1508807
Monday, January 27, 2025 11:59 PM IST
ചെറുതോണി: പെരിയാറിനു കുറുകെ തടിയന്പാട് നിർമിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ. 32 കോടി രൂപയാണ് നിർമാണ പൂർത്തീകരണത്തിന് വക ഇരുത്തിയിട്ടുള്ളത്.
223 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉള്ള പാലത്തിന്റെ ഏഴു മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കും.1.5 മീറ്റർ വീതിയിൽ ഇരു വശത്തും വിംഗ്സും ഇതോടൊപ്പം ഒരു മീറ്റർ വീതിയിൽ ഇരു വശത്തും നടപ്പാതയും ക്രമീകരിക്കും .31 മീറ്റർ നീളമുള്ള ആറു സ്പാനുകളും അതോടൊപ്പം പാലത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ചെറിയ സ്പാനുകളും ക്രമീകരിക്കും.
നിലവിലുള്ള തടിയംപാട് ചപ്പാത്തിലെ ഗതാഗതം പൂർണമായും നിലനിർത്തിക്കൊണ്ടാണ് പുതിയ പാലം നിർമിക്കുന്നത്. പുതിയ പാലത്തിന്റെ തുടക്കം വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഭാഗത്തുനിന്ന് ആരംഭിച്ച് തടിയന്പാട് ഫാത്തിമമാതാ ദേവാലയത്തിന്റെ മുൻഭാഗത്ത് അവസാനിക്കും.ഇതോടൊപ്പം ചെറുതോണി - തങ്കമണി റോഡിലേക്കുള്ള ഭാഗം കൂടി ബിഎംബി സി നിലവാരത്തിൽ പൂർത്തിയാകാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.