കെ.എം. മാണിയുടെ ബജറ്റുകൾക്ക് കാരുണ്യത്തിന്റെ മുഖമായിരുന്നു: എം.എം. മണി എംഎൽഎ
1509054
Tuesday, January 28, 2025 11:47 PM IST
നെടുംകണ്ടം: കേരള കോണ്ഗ്രസ് - എം ചെയർമാനായിരുന്ന കെ.എം. മാണി ഇരുസർക്കാരുകളിലും ധനകാര്യ മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റുകൾക്ക് വികസന കാഴ്ചപ്പാടുകളോടൊപ്പം കാരുണ്യത്തിന്റെ മുഖം കൂടി ഉണ്ടായിരുന്നെന്ന് എം.എം. മണി എംഎൽഎ. കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോണ്ഗ്രസ് - എം ജില്ലാ കമ്മിറ്റി നെടുംകണ്ടം അസീസി സ്നേഹാശ്രമത്തിൽ സംഘടിപ്പിച്ച ജില്ലാതല കാരുണ്യദിനാചരണം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയോട് പ്രത്യേക പരിഗണന നല്കിയിരുന്ന കെ.എം. മാണിയുടെ കാരുണ്യ ചികിത്സാ പദ്ധതിയും കാരുണ്യ ബെനോവലെന്റ് സ്കീമും രോഗികളോടും അശരണരോടും അദ്ദേഹത്തിനുള്ള പ്രത്യേക താത്പര്യമാണ് വ്യക്തമാക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനുമായ ബേബി ഉഴുത്തുവാൽ പറഞ്ഞു.
കെ.എം. മാണിയുടെ ജന്മദിനത്തോനുബന്ധിച്ച് നാളെ ജില്ലയിലെ 52 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും കാരുണ്യദിനാചരണം നടത്തുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
രാരീച്ചൻ നീറാണാകുന്നേൽ, അഡ്വ. മനോജ് എം. തോമസ്, അഡ്വ. എം.എം. മാത്യു, കുര്യാക്കോസ് ചിന്താർമണി, ജിൻസണ് വർക്കി, ഷിജോ തടത്തിൽ, ജയിംസ് മ്ലാക്കുഴി, അംബിക ഗോപാലകൃഷ്ണൻ, സാബു മണിമലക്കുന്നേൽ, ജോയി കിഴക്കേപ്പറന്പിൽ, ജോസഫ് തോണക്കര, സ്നേഹാശ്രമത്തിലെ ശുശ്രൂഷകരായ സിസ്റ്റർ മേഘാമരിയ, സിസ്റ്റർ അനുഗ്രഹ തുടങ്ങിയവർ നേതൃത്വം നൽകി.