നരഹത്യക്ക് കോടതി സ്വമേധയാ കേസെടുക്കണമെന്ന്
1509064
Tuesday, January 28, 2025 11:47 PM IST
ഉപ്പുതറ: സർക്കാരിനും ബ്ലോക്ക് പഞ്ചായത്തിനുമെതിരേ നരഹത്യക്ക് കോടതി സ്വമേധയാ കേസെടുക്കണമെന്ന് മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ. വന്യജീവി ആക്രമണത്തിന് പരിഹാരമില്ലാതെ ദുരിതത്തിലാണ് മലയോര ജനത. സർക്കാരും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ആരോഗ്യ രംഗവും തകർത്തിരിക്കുകയാണന്നും ഫാ. ജോയി നിരപ്പേൽ ആരോപിച്ചു.
ഉപ്പുതറ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംഘടിപ്പിച്ച ജനകീയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിമാറി വരുന്ന സർക്കാരുകൾ ജനങ്ങളെ മറന്നുള്ള ഭരണമാണ് നടത്തുന്നത്. ഇത് വഞ്ചനാപരമാണ്. മലയോര ജില്ലയില പട്ടയ പ്രശ്നത്തിനും കാർഷികപ്രശ്നത്തിനു ഒരു പരിഹാരവും ഉണ്ടാവുന്നില്ല.
വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നത് ആദിവാസികളും മലയോര കർഷകരുമാണ് . മലയോര ജനതയുടെ ചികിത്സയും നിഷേധിക്കുകയാണ്. ഇവർക്ക് വേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രീയ മുന്നണിയുമില്ലെന്ന് ഫാ. ജോയി നിരപ്പേൽ പറഞ്ഞു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. രാജപ്പൻ അധ്യക്ഷത വഹിച്ചു.
വിവിധ മത, രാഷ്ട്രീയ, സംഘടനാ നേതാക്കൾ സമരത്തിൽ പങ്കെടുത്തു. ഇന്നു വൈകുന്നേരം അഞ്ചിന് പൂഞ്ഞാർ മുൻ എം എൽഎ പി.സി. ജോർജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.