ഇടുക്കി മെഡിക്കൽ കോളജിൽ എഎംആർ ലാബ് തുടങ്ങി
1508805
Monday, January 27, 2025 11:59 PM IST
ഇടുക്കി: സൂക്ഷ്മ രോഗാണുക്കളെ കണ്ടുപിടിക്കുന്നതിനും വ്യാപനം തടയുന്നതിനുമായുള്ള ആന്റി മൈക്രോബിയൽ റിസർച്ച് ലാബ് ഇടുക്കി മെഡിക്കൽ കോളജിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് മെഡിക്കൽ കോളജ് അധികൃതർ വിവരം അറിയിച്ചത്. ജില്ലയിൽ ആദ്യമായാണ് ഈ സേവനം ലഭ്യമാകുന്നതെന്നും അവർ പറഞ്ഞു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സാന്പിളുകൾ ലാബിൽ എത്തിച്ച് കണ്ടുപിടിക്കുകയും അതിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ കണ്ടെത്തുകയുമാണ് പ്രവർത്തനരീതി. ഇതിലൂടെ ഡോക്ടർമാർക്ക് ശരിയായ ആന്റിബയോട്ടിക്കുകൾ ശരിയായി ഡോസിലും അളവിലും രോഗികൾക്ക് നൽകാൻ സാധിക്കും. ആശുപത്രിയിൽ കാത്ത് ലാബിന്റെ പ്രവർത്തനം ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നവീകരിച്ച മാനസികാരോഗ്യവിഭാഗത്തിന്റെ ഐപി വിഭാഗവും പ്രവർത്തനസജ്ജമായി. നിലവിൽ രാവിലെ ഏഴു മുതൽ രാത്രി പത്തുവരെ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ ഒരു ഷിഫ്റ്റ് കൂടി വർധിപ്പിച്ച് രാത്രിയും സേവനം നൽകുന്നത് പരിഗണിക്കും.
ബ്ലഡ് ബാങ്ക് നവീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി നാലിന് വൈകുന്നേരം അഞ്ചു മുതൽ 20 വരെ ഓപ്പറേഷൻ തിയേറ്റർ അടച്ചിടും. എന്നാൽ പ്ലേറ്റ്ലെറ്റ് ആവശ്യമില്ലാത്ത അടിയന്തര ശസ്ത്രക്രിയകൾ നടത്തുന്നതിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.