അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്
1508639
Sunday, January 26, 2025 7:09 AM IST
പീരുമേട്: ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്കു സമീപം അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. വിഷ്ണുവിന്റെ ബൈക്കിൽ ഇടിച്ച പിക്കപ്പ് വാനും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.
ദേശീയപാത 183ൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനു സമീപം കഴിഞ്ഞ 19നാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാതെ അപകടത്തിന് ഇടയാക്കിയ വാഹനവുമായി ഡ്രൈവർ കടന്നു കളയുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടന്ന മുറിഞ്ഞപുഴ പുന്നയ്ക്കൽ നാരായണന്റെ മകൻ ആർ. വിഷ്ണു (20)വിനെ പിന്നീട് അതുവഴി വന്ന വാഹനയാത്രക്കാരും നാട്ടുകാരും ചേർന്നാണ് പീരുമേട് ആശുപത്രിയിൽ എത്തിച്ചത്. വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
പിക്കപ്പ് വാഹനമാണ് ഇടിച്ചതെന്ന സംശയം ഉണ്ടായിരുന്നു. തുടർന്ന് പീരുമേട് പോലീസിന്റെ നേതൃത്വത്തിൽ മുറിഞ്ഞപുഴ മുതൽ മുണ്ടക്കയം വരെയുള്ള സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തി നൊടുവിൽ വാഹനം തിരിച്ചറിയുകയും ഇതിന്റെ നമ്പർ ലഭിക്കുകയും ചെയ്തു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിന് ഇടയാക്കിയ വാഹനവും ഡ്രൈവറെയും കസ്റ്റഡിയെടുത്തത്. ഡ്രൈവർ തമിഴ്നാട് തേനി റാസിംഗപുരം സ്വദേശി സുരേഷിനെ (34) തേനിയിൽ എത്തി പീരുമേട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ പിക്കപ്പ് വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. പീരുമേട് സിഐ ഗോപി ചന്ദ്രൻ, എസ്ഐ ജേക്കബ്, രാജു ജോസ്, സിപിഒമാരായ ഷിജുമോൻ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
17 മാസം മുന്പ് വണ്ടിപ്പെരിയാർ കക്കികവലയിൽ ഉണ്ടായ അപകടത്തിൽ വിഷ്ണുവിന്റെ സഹോദരൻ മനു മരിച്ചിരുന്നു. അമ്മ സുശീല.