നരഭോജികളായ വന്യജീവികളെ കൊല്ലാൻ നിയമനിർമാണം നടത്തണം: കത്തോലിക്ക കോൺഗ്രസ്
1508634
Sunday, January 26, 2025 7:09 AM IST
ചെറുതോണി: മാനന്തവാടിയിൽ രാധ എന്ന സ്ത്രീയെ കടുവ കടിച്ചു കൊന്നുതിന്ന ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിലിറങ്ങുന്ന നരഭോജികളായ വന്യജീവികളെ വെടിവച്ചു കൊല്ലാൻ കഴിയും വിധം നിയമനിർമാണം നടത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ഭരണകൂടത്തിന്റെ പ്രഥമ ഉത്തരവാദിത്വം നിർവഹിക്കാൻ നിയമനിർമാണം ഉണ്ടാകണം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എട്ടു പേരെ കടുവ കടിച്ചുകൊന്ന സാഹചര്യവും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നൂറുകണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യവും കണക്കിലെടുത്ത് ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമനിർമാണം നടത്തേണ്ടതാണ്.
വന്യജീവി ആക്രമണത്തിൽ നൂറുകണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും ഒരു നരഭോജി മൃഗത്തെ പോലും വെടിവെച്ചു കൊന്നിട്ടില്ല. ഒരു സ്ഥലത്ത് ജനങ്ങൾക്കും അവരുടെ വളർത്തു മൃഗങ്ങൾക്കും ദേഹണ്ഡങ്ങൾക്കും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികൾ ഭീഷണി ഉയർത്തുമ്പോൾ അവയെ മയക്കുവെടിവച്ചും കൂടുവച്ചും പിടിച്ച് മറ്റൊരിടത്തു കൊണ്ടുപോയി തുറന്നുവിടുന്ന പതിവാണ് വനം വകുപ്പ് നടപ്പിലാക്കുന്നത്. ഇത്തരം നടപടികൾ മൂലം വന്യജീവികളുടെ ആക്രമണം കുറയുന്നില്ല എന്നു മാത്രമല്ല വ്യാപകമായി ജനങ്ങളിൽ ആശങ്കയും ഭീതിയും വർധിക്കുന്നതിന് ഇടവരുത്തുകയും ചെയ്യുന്നു.
നരഭോജി വന്യമൃഗങ്ങൾക്കല്ല ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനുള്ള നടപടികൾക്കാണ് ഭരണകൂടങ്ങൾ പ്രഥമ പരിഗണന നൽകേണ്ടത്. ഇക്കാര്യത്തിൽ സർക്കാർ പുലർത്തുന്ന ഉദാസീന നിലപാടുകളിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കും.
കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ജോസ് തോമസ് ഒഴുകയിൽ, സാബു കുന്നുംപുറം, ജോർജുകുട്ടി പുന്നക്കുഴിയിൽ, ഷാജി പുരയിടം, അഡ്വ. വി.എം. ജോയ്, ടോമി വെട്ടുകല്ലേൽ, അഗസ്റ്റിൻ പരത്തിനാൽ, ബേബി കൊടകല്ലിൽ, ആദർശ് മാത്യു തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.