കാറിനു തീ പിടിച്ച് സഹകരണ ബാങ്ക് മുൻ മാനേജർ മരിച്ചനിലയിൽ
1508401
Saturday, January 25, 2025 10:34 PM IST
തൊടുപുഴ: നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ച് കുമാരമംഗലം സഹകരണ ബാങ്ക് മുൻ മാനേജരെ മരിച്ചനിലയിൽ കണ്ടെത്തി. ഏഴല്ലൂർ പ്ലാന്റേഷൻ സ്വദേശി എരപ്പനാൽ ഇ.ബി. സിബിയാ(60)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ഏഴല്ലൂർ - തൊടുപുഴ റോഡിൽ പെരുമാങ്കണ്ടത്തിന് സമീപം നരിക്കുഴി ഭാഗത്തുനിന്നു പ്ലാന്റേഷനിലേക്കുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ റോഡിലാണ് കാർ കത്തുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തൊടുപുഴയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന തീയണച്ചെങ്കിലും സിബിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സിബിയുടെ സഹോദരനായ ടിബിയും ഭാര്യ ജിജിയും സ്ഥലത്തെത്തി കാർ സിബിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ സമീപത്തെ പെട്രോൾ പന്പിൽനിന്നു വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം കുപ്പിയിൽ പെട്രോൾ വാങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫോറൻസിക് വിഭാഗവും പോലീസും വിശദമായ പരിശോധന നടത്തിയ ശേഷം വൈകുന്നേരത്തോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മോട്ടോർ വാഹനവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തും. ഭാര്യ: സിന്ധു (റിട്ട. അധ്യാപിക). മക്കൾ: അരവിന്ദ് (എംജി യൂണിവേഴ്സിറ്റി കോട്ടയം), അഞ്ജലി (സൗത്ത് ഇന്ത്യൻ ബാങ്ക് മൂവാറ്റുപുഴ).