വിശ്വാസ കൈമാറ്റം പരമപ്രധാനം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
1508141
Friday, January 24, 2025 11:37 PM IST
ഏഴല്ലൂർ: വരുംതലമുറയ്ക്ക് വിശ്വാസം കൈമാറുന്നതിൽ അതീവ ശ്രദ്ധപുലർത്തണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ശതാബ്ദി ആഘോഷസമാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തലമുറകളിലൂടെ ലഭിച്ച വിശ്വാസം കൈമാറിയില്ലെങ്കിൽ അത് അണഞ്ഞുപോകുമെന്ന് ബിഷപ് മുന്നറിയിപ്പ് നൽകി.
ജൂബിലി കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും അവസരമാണ്. സഭയുടെ ശക്തി കൂട്ടായ്മയിലാണ് കുടികൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.ജെ. ജോസഫ് എംഎൽഎ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാതി-മത വ്യത്യാസങ്ങളില്ലാതെ കരുണയും സഹാനുഭൂതിയും ഉള്ളവരായി ഓരോരുത്തരും മാറുന്പോഴാണ് നാട് പുരോഗതിയിലേക്ക് നീങ്ങുന്നത്. ദൈവസ്നേഹത്തിലും മനുഷ്യസ്നേഹത്തിലും മാതൃകാപരമായ ജീവിതം നയിച്ചവരുടെ പാത നാം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി അനുഗ്രഹപ്രഭാഷണം നടത്തി. മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോനപള്ളി അസി.വികാരി ഫാ. ആൻഡ്രൂസ് മൂലയിൽ, സിസ്റ്റർ മെർലിൻ എഫ്സിസി, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി സാജു, ബ്ലോക്ക് പഞ്ചായത്തംഗം നീതു ഫ്രാൻസിസ്, പഞ്ചായത്തംഗങ്ങളായ സാജൻ ചിമ്മിണിക്കാട്ട്, ജിന്റു കല്ലൂർകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. വികാരി ഫാ.ജോർജ് പുല്ലൻ സ്വാഗതവും ചിന്നമ്മ സോജൻ നന്ദിയും പറഞ്ഞു.
ഇടവകാംഗം ഫാ. ജിമ്മിച്ചൻ കുളത്തിങ്കൽ എഴുതി ഈണം പകർന്ന ജൂബിലി ഗാനം ഇടവകയിലെ 100-ഓളം അംഗങ്ങൾ ചേർന്ന് ആലപിച്ചാണ് ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തിനു തുടക്കംകുറിച്ചത്. ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിനു മാറ്റുകൂട്ടി. കൈക്കാരൻമാരായ സോജൻ നെടുങ്കല്ലേൽ, തോമസ് മഞ്ചപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.