കരുതലും കൈത്താങ്ങും അദാലത്ത് : ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സത്വര ശ്രമം: മന്ത്രി റോഷി അഗസ്റ്റിൻ
1488991
Sunday, December 22, 2024 4:05 AM IST
ഇടുക്കി: കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്കിടയിൽ പരാതികൾ കുറഞ്ഞു വരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടിക്കാനത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന പീരുമേട് താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, എഡിഎം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടർമാരായ അതുൽ എസ്. നാഥ്, അനിൽ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
97 അപേക്ഷകളിൽ തീരുമാനം
ഡിസംബർ 20 വരെ അദാലത്തിലേക്ക് ലഭിച്ചത് 150 അപേക്ഷകളാണ്. ഇതിൽ 53 എണ്ണത്തിൽ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അദാലത്ത് ദിവസം 58 അപേക്ഷകൾ പുതുതായി ലഭിച്ചു. ഈ അപേക്ഷകൾ പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനം അറിയിക്കും. ഇതു കൂടാതെ അദാലത്ത് വേദിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ 16 പേർക്ക് ആനുകൂല്യങ്ങളും വിതരണം ചെയ്തു.
16 കുടുംബങ്ങൾക്ക് റേഷൻകാർഡ്
പീരുമേട് താലൂക്കിലെ കരുതലും കൈത്താങ്ങും അദാലത്തിലൂടെ 16 കുടുംബങ്ങൾക്ക് റേഷൻകാർഡുകൾ വിതരണം ചെയ്തു. എട്ട് എഎവൈ റേഷൻ കാർഡുകളും എട്ട് മുൻഗണനാ റേഷൻകാർഡുകളുമാണ് വിതരണം ചെയ്തത്.
ആൻ മരിയയ്ക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കും
വില്ലേജ് അധികൃതർ സാങ്കേതികത്വം പറഞ്ഞ് നിഷേധിച്ച ജാതി സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന്റെ സന്തോഷത്തിലാണ് പീരുമേട് പഴയ പാന്പനാർ ജനിയൽ ഇല്ലത്ത് ആൻമരിയ. മന്ത്രി റോഷി അഗസ്റ്റിനാണ് ജാതി സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകാൻ വില്ലേജ് അധികൃതർക്ക് നിർദേശം നൽകിയത്.
നവംബർ 19നാണ് ആൻ മരിയ ജോലി ആവശ്യത്തിനായി ജാതി സർട്ടിഫിക്കറ്റിന് പീരുമേട് വില്ലേജ് ഓഫീസിൽ അപേക്ഷിച്ചത്. ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട ആൻ മരിയയ്ക്ക് 2019 മെയ് 31 ന് ഇതേ ഓഫീസിൽനിന്നു ജാതി സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.
എന്നാൽ പുതിയ അപേക്ഷയിൽ ആൻ മരിയയുടെ മുത്തച്ഛൻ 1947ന് മുന്പ് ലത്തീൻ കത്തോലിക്ക വിഭാഗത്തിലുള്ളയാൾ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നിരസിച്ചു. തുടർന്നാണ് ആൻമരിയ അദാലത്തിൽ പരാതി നൽകിയത്. 2019ൽ ജാതി സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കേ ആൻ മരിയയ്ക്ക് പുതിയ സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്ന് റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
വെള്ളക്കരം: നടപടി പുനഃപരിശോധിക്കണം
കുടിവെള്ളപദ്ധതിക്ക് ടാങ്ക് കെട്ടാൻ അഞ്ചുസെന്റ് പട്ടയഭൂമി സൗജന്യമായി നൽകിയ കുടുംബത്തിന് ധാരണയ്ക്കു വിരുദ്ധമായി വെള്ളക്കരം ഏർപ്പെടുത്തിയ വാട്ടർ അഥോറിറ്റിയുടെ നടപടി പുനഃപരിശോധിച്ച് റിപ്പോർട്ട് നൽകാൻ മാനേജിംഗ് ഡയറക്ടർക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. പെരുവന്താനം പാറയ്ക്കൽ റഹീമ യൂസഫ് നൽകിയ പരാതിയിലാണ് തീരുമാനം.
സ്ഥലം നൽകിയാൽ സൗജന്യമായി കുടിവെള്ളം നൽകുമെന്നായിരുന്നു വാട്ടർ അഥോറിറ്റിയുടെ വാഗ്ദാനം. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി വീട്ടുകണക്ഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തി പതിനായിരം രൂപ കരമേർപ്പെടുത്തി. മൂന്ന് തവണയായി അവർ തുക അടച്ചു. തുടർന്ന് 10,677 രൂപയുടെ ബിൽ കൂടി ലഭിച്ചു. ആറു മാസമായി ഇവർ കണക്ഷൻ ഉപയോഗിക്കുന്നില്ല. ഇതേത്തുടർന്നാണ് അദാലത്തിൽ പരാതി നൽകിയത്.
ചേറ്റുപാറ പാലം നിർമിക്കാൻ 20 ലക്ഷം
വണ്ടിപ്പെരിയാർ 63-ാം മൈൽ ചേറ്റുപാറ തോടിനു കുറുകേ പുതിയ പാലം നിർമ്മിക്കുന്നതിന് സമർപ്പിച്ച 20 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് അംഗീകരിക്കാൻ ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി.
കഴിഞ്ഞ പ്രളയത്തിലാണ് ചേറ്റുപാറ തോടിനു കുറുകെയുള്ള പാലവും അപ്രോച്ച് റോഡും തകർന്നത്. പുതിയ പാലത്തിനായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് വണ്ടിപ്പെരിയാർ പഞ്ചായത്തംഗം അയ്യപ്പദാസ് സമർപ്പിച്ച പരാതിയിലാണ് മന്ത്രിയുടെ തീരുമാനം.