ടൗണ്പള്ളിയിലെ ജൂബിലി ട്രീയിൽ 2025 നക്ഷത്രങ്ങൾ ഇന്നു മിഴിതുറക്കും
1488992
Sunday, December 22, 2024 4:05 AM IST
തൊടുപുഴ: ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനപ്രകാരം 2025 ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ടൗണ്‍പള്ളി ഇന്ന് ദീപപ്രഭയാൽ അലംകൃതമാകും. ഇടവകസമൂഹം ഒന്നുചേർന്ന് 2025 നക്ഷത്രങ്ങളുള്ള ജൂബിലി ട്രീ ഒരുക്കിയാണ് ജൂബിലിവർഷത്തെ വരവേൽക്കാൻ വേറിട്ട ആത്മീയ അനുഭവം ഒരുക്കുന്നത്.
കെസിവൈഎം, സിഎംഎൽ, സണ്ഡേസ്കൂൾ, മാതൃവേദി, പിതൃവേദി, വിൻസെന്റ് ഡിപോൾ ഉൾപ്പെടെ ഇടവകസമൂഹം ഒന്നുചേർന്നാണ് ട്രീ ഒരുക്കുന്നത്. 23 അടി ഉയരമുള്ള ട്രീയിൽ ഇടവകയിലെ ഓരോകുടുംബത്തിൽ നിന്നുള്ള അംഗവും തങ്ങളുടെ പേരും ഒപ്പും പതിപ്പിച്ചാണ് നക്ഷത്രം ട്രീയിൽ സ്ഥാപിക്കുന്നത്.
ബത്ലഹേമിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ അരികിലെത്താൻ പൂജരാജാക്കൻമാർക്ക് വഴികാട്ടിയായത് ആകാശത്ത് പ്രത്യക്ഷപ്പെട്ട നക്ഷത്രമായിരുന്നു. ഇതിന്റെ ഓർമ ഉണർത്തി മറ്റുള്ളവർക്ക് വഴികാട്ടികളാകുന്ന നക്ഷത്രമായി പ്രകാശിക്കാനുള്ള ദൗത്യവും ഇടവകയുടെ കൂട്ടായ്മയുമാണ് ഇതിലൂടെ വിളിച്ചോതുന്നത്.
ഇന്നു വൈകുന്നേരം 5.30നു വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ ക്രിസ്മസ് ജൂബിലി ട്രീയുടെ സ്വിച്ച്ഓണ്‍ കർമം നിർവഹിക്കും. അസി. വികാരി ഫാ. സ്കറിയ മെതിപ്പാറ, ട്രസ്റ്റിമാരായ ജോസ് മാംബ്ലാൽ, ജോസ് പാലയ്ക്കാമറ്റത്തിൽ, ജയിംസ് ടി. മാളിയേക്കൽ വിവിധ ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
ക്രിസ്മസ്രാവിൽ ഫ്രാൻസിസ് പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറക്കുന്നതോടെയാണ് ജൂബിലി വർഷത്തിന് ഒൗദ്യോഗിക ആരംഭം കുറിക്കുന്നത്.