അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്ക്
1454183
Wednesday, September 18, 2024 11:36 PM IST
കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്കേറുന്നു. ഓണാവധി പ്രമാണിച്ച് നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ, മേഖലയിലെ അപകടാവസ്ഥയ്ക്ക് ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. തുരങ്കമുഖത്തേക്കുള്ള പാതകൾ ഇന്നും ദുർഘടമായി കിടക്കുകയാണ്. മുന്പ് സംരക്ഷണ വേലികൾ സ്ഥാപിച്ചിരുന്നെങ്കിലും അവയുടെ ചുവട്ടിലെ മണ്ണൊലിച്ചുപോയ നിലയിലാണ്. ടണലിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിയും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവിടേക്ക് ആളുകൾ യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് ഇറങ്ങുന്നത്.
അതേസമയം, സഞ്ചാരികളുടെ തിരക്കേറിയതോടെ അഞ്ചുരുളിയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കച്ചവട മേഖലയും പുത്തൻ ഉണർവിലാണ്. ഒരാഴ്ച മുൻപുവരെ പ്രതികൂലമായ കാലാവസ്ഥയിൽ അഞ്ചുരുളിയിലേക്ക് അടക്കം വിനോദസഞ്ചാരികൾ എത്തിയിരുന്നില്ല. ഇത് ഓണക്കാല സീസണെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു കച്ചവട മേഖല. പലരും ഗൂഗിൾ മാപ്പ് നോക്കിയാണ് മേഖലയിലേക്ക് എത്തുന്നത്. എന്നാൽ മാപ്പിൽ തെറ്റായ സമയ ക്രമീകരണമാണ് നൽകിയിട്ടുള്ളത്. 11 മുതൽ മൂന്നുവരെ ഇവിടെ പ്രവേശനമില്ല എന്നതാണ് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അഞ്ചുരുളിയിൽ പ്രത്യേക സമയ ക്രമീകരണങ്ങൾ ഇല്ല എന്നതാണ് വസ്തുത.
അഞ്ചുരുളി ജലാശയത്തിൽ വെള്ളം ഉയർന്നതോടെ സൂര്യാസ്തമയസമയത്ത് അടക്കം ഇവിടം ആകർഷണീയമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്.അതുകൊണ്ടുതന്നെ നിരവധിയായ സഞ്ചാരികൾ ഇവിടെ യാതൊരുവിധ നിയന്ത്രണവുമില്ലാതെ കൂട്ടം കൂടിയെത്തുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളും ഉയർത്തുന്നത്.
അതേസമയം, സുരക്ഷാക്രമീകരണങ്ങളും വാച്ച്മാന്റെ സേവനവും സജ്ജമാക്കുന്നതിനുവേണ്ട നടപടികളിലേക്ക് നീങ്ങിയെന്നും ടെൻഡർ ഏറ്റെടുക്കുന്ന മുറയ്ക്ക് ഉടനടി വിഷയത്തിൽ പരിഹാരം ഉണ്ടാകുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതരും പറയുന്നു.