തൂശനിലമുതല്‍ കസവുസാരിവരെ; വില്‍പ്പന പൊടിപൂരം
1453387
Saturday, September 14, 2024 11:49 PM IST
തൊടുപുഴ: ഉത്രാടത്തിന് പൂരത്തിരക്ക്. ഇന്ന് ഓണം ആഘോഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടത്തോടെ ഉത്രാടപ്പാച്ചിലിനിറങ്ങിയപ്പോള് നഗരം വന്‍ തിരക്കിലമര്‍ന്നു. ഓണസദ്യ ഒരുക്കാനുള്ള തയാറെടുപ്പുകള്‍ക്കായുള്ള സാധനങ്ങള്‍ വാങ്ങാനാണ് ജനങ്ങള്‍ കുടുംബസമേതം ടൗണുകളിലേക്കെത്തിയത്. ഇതോടെ പ്രധാനപ്പെട്ട ടൗണുകളിലെല്ലാം തന്നെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ഓണത്തോടനുബന്ധിച്ച് ഏറ്റവും വലിയ വ്യാപാരം നടക്കുന്ന ദിവസമായിരുന്നു ഉത്രാട ദിനമായ ഇന്നലെ. ഇത്തവണ ഓണം ഞായറാഴ്ചയായതിനാല്‍ ഒരു അവധി നഷ്ടമായതിന്റെ നിരാശയും ഇത്തവണ പലരും മറച്ചുവച്ചില്ല. എങ്കിലും ഓണം മലയാളികളെ സംബന്ധിച്ച് ഗൃഹാതുരത്വം സമ്മാനിക്കുന്ന ആഘോഷമായതിനാല്‍ അതിന്റെ എല്ലാ പൊലിമയും നിലനിര്‍ത്താനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ജനങ്ങള്‍.
ഓണസദ്യയൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കായിരുന്നു പ്രധാന മാര്ക്കറ്റുകകളിലെല്ലാം. സദ്യ വിളമ്പാനുള്ള തൂശനില മുതല്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു. പച്ചക്കറിക്കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പതിവില്‍നിന്നു വിഭിന്നമായി പച്ചക്കറിക്ക് വില കാര്യമായി ഉയരാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായി. വഴിയോരക്കച്ചവടവും തകൃതിയായി നടന്നു. ഇവിടെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറിവില നിയന്ത്രിക്കാന്‍ കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓണച്ചന്തകളും ഇന്നലെ വരെ പ്രവര്‍ത്തിച്ചു.
ചെറുതും വലുതുമായ വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ഓണക്കച്ചടവടം പൊടിപൊടിച്ചു. ഓണക്കോടി വാങ്ങാന്‍ കുട്ടികളടക്കമുള്ളവര്‍ കടകളിലേക്കെത്തി. കുട്ടികള്‍ക്കായുള്ള ഓണമുണ്ടുകളുടെയും പല വര്‍ണങ്ങളിലുള്ള ഷര്‍ട്ടുകളുടെയും കസവുസാരികളുടെയും മുണ്ടുകളുടെയും വില്‍പ്പന വന്‍ തോതിലാണ് നടന്നത്. കസവ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വില്‍പ്പന നടക്കുന്ന സമയമാണ് ഓണക്കാലം.
അത്തം മുതലുള്ള പൂവിടലിന് ഇന്ന് സമാപനമാകുന്നതിനാല് പൂക്കളുടെ വില്‍പ്പനയും സജീവമായിരുന്നു. എന്നാല്‍ ഓണം പ്രമാണിച്ച് പൂക്കളുടെ വിലയില്‍ വലിയ വര്‍ധനയാണുണ്ടായത്. മുല്ലപ്പൂവിനും മറ്റും വലിയ വിലയാണ് കച്ചവടക്കാര്‍ ഈടാക്കിയത്. മുല്ലൂപ്പ മുഴം കണക്കിന് നല്‍കാതെ മീറ്റര്‍ കണക്കിന് നല്‍കണമെന്ന ലീഗല്‍ മെട്രോളജി വകുപ്പിന്റെ നിര്‍ദേശം ആരും കണക്കിലെടുത്തില്ല. എല്ലായിനം പൂക്കള്‍ക്കും വില വര്‍ധിച്ചിരുന്നു.
ഓണ സദ്യ തയാറാക്കാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് വിവിധ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും പാഴ്സലായി സദ്യ വീട്ടിലെത്തിച്ചു നല്‍കും. ഹോട്ടലുകളിലെത്തി സദ്യ കഴിക്കുന്നതിനും വിപുലമായ ക്രമീകരണമൊരുക്കിയിട്ടുണ്ട്. സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ടായിരുന്നു. പായസത്തിന്റെയും ഉപ്പേരിയുടെയും ശര്‍ക്കര വരട്ടിയുടെയും വന്‍തോതിലുള്ള വില്‍പ്പനയും ഇന്നലെ നടന്നു.
നഗരത്തിലെ തിരക്ക് കണക്കിലെടുത്ത് ടൗണുകളില്‍ പോലീസ് പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തി. കൂടുതല്‍ പോലീസുകാരെ തിരക്ക് നിയന്ത്രിക്കാന്‍ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു.