വിനോദ സഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു
1377658
Tuesday, December 12, 2023 12:12 AM IST
അടിമാലി: വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്ടമായി താഴ്ചയിലേയ്ക്ക് പതിച്ചു. മുൻവശം തറയിൽ കുത്തിയ നിലയിലായ ബസ് മരങ്ങൾക്കിടയിൽ തങ്ങി നിന്നതിനാൽ വൻദുരന്തം ഒഴിവായി.
തിങ്കളാഴ്ച രാത്രി 10.30 തോടെ കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ ആറാം മൈലിന് സമീപമാണ് അപകടം. കർണാടക ഗവണ്മെന്റ് പ്രീ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള 48 അംഗ വിദ്യാർത്ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
നേര്യമംഗലം ഭാഗത്തുനിന്നും മൂന്നാറിന് വരികയായിരുന്നു ബസ്. ഏതെങ്കിലും വാഹനത്തെ മറികടക്കുന്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് രക്ഷ പ്രവർത്തകരുടെ അനുമാനം.
അടിമാലിയിൽ നിന്നെത്തിയ പോലീസും ഫയർഫോഴ്സ് സംഘവും ഇതുവഴിയെത്തിയ വാഹനയാത്രക്കാരും മറ്റും ചേർന്ന് ബസിലുണ്ടായിരുന്നവരെ സുരക്ഷതമായി പുറത്തിറക്കി. ആർക്കും കാര്യമായ പരിക്കില്ല.