ബൈക്കപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു
1548184
Monday, May 5, 2025 11:56 PM IST
രാജാക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് അപകടത്തിൽപ്പെട്ട് പ്ലസ് ടു വിദ്യാർഥി മരിച്ചു.
കുത്തുങ്കൽ മാവറസിറ്റി കാരമുള്ളിൽ അജിൻ-ദീപ ദമ്പതികളുടെ മകൻ നിഖിൽ (18) ആണ് മരിച്ചത്. രാജാക്കാട് പൊന്മുടി റോഡിൽ ചെരുപുറത്തിന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന നന്ദു കൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10.30ന് ശേഷമാണ് അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെന്നിമാറി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ചേർന്ന് രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ നന്ദുവിനെ പ്രഥമ ചികിത്സയ്ക്ക് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയായ നിഖിൽ പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു. രാജാക്കാട് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം വീട്ടുവളപ്പിൽ നടത്തി.