അയ്യപ്പൻ കോവിലിൽ യുവാവ് മുങ്ങിമരിച്ചു
1548478
Wednesday, May 7, 2025 12:13 AM IST
ഉപ്പുതറ: കുളിക്കാനിറങ്ങിയ യുവാവ് പെരിയാറ്റിൽ മുങ്ങി മരിച്ചു. ഉപ്പുതറ കാക്കത്തോട് പാറയ്ക്കൽ തോമസ് ചാക്കോ ( ബ്രോക്കർ റോയി) യുടെ മകൻ ജെറിൻ പി .തോമസ് (മാത്തുക്കുട്ടി - 25) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലോടെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പൻകോവിൽ ക്ഷേത്രക്കടവിന് സമീപമുള്ള പണ്ടാരക്കയത്തിലാണ് അപകടം.
വിജയ് ഫാൻസ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റാണ് ജെറിൻ. കോട്ടയത്തിന് പോകാനായി അസോസിയേഷന്റെ ജില്ലാ സെക്രട്ടറി ഇരട്ടയാർ സ്വദേശി സോബിനും മറ്റൊരു സുഹൃത്തും ഉച്ചകഴിഞ്ഞ് ജെറിന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാൻ കടവിലെത്തി. കുളിക്കുന്നതിനിടെ മറുകരയിലെത്തി തിരികെ നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ് ജെറിൻ കയത്തിൽ മുങ്ങി.
ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സമീപവാസിയായ കലവനാക്കുന്നേൽ സുനിൽ ഓടിയെത്തി ആഴക്കയത്തിൽനിന്ന് ജെറിനെ മുങ്ങിയെടുത്തു. അപ്പോഴേയ്ക്കും അമ്പലക്കടവിലെ വള്ളക്കാരുമെത്തി. ഉടൻ തന്നെ കാറിൽ ഉപ്പുതറ കമ്യൂണിറ്റി സെന്ററിൽ എത്തിച്ചു. അപ്പോഴും ജെറിന് ജീവനുണ്ടായിരുന്നു.
എന്നാൽ, ആശുപത്രിയിൽ ഡോക്ടർ ഇല്ലാതിരുന്നതിനാൽ അവിടെനിന്ന് കട്ടപ്പന താലൂക്ക് ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ബിന്ദു (ജോമോൾ), സഹോദരി: ജോംസി. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിൽ.