ഇടമലക്കുടിയിൽ പഞ്ചായത്ത് ഓഫീസ് തുറന്നു
1548477
Wednesday, May 7, 2025 12:13 AM IST
ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ തുറന്ന പഞ്ചായത്ത് ഓഫീസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, തദ്ദേശ വകുപ്പ് അഡീഷണൽ ഡയറക്ടർ എം.പി.അജിത് കുമാർ, ഐകെഎം കണ്ട്രോളർ പി.എസ്. ടിംപിൾ മാഗി എന്നിവർ പ്രസംഗിച്ചു.
2010 നവംബർ ഒന്നിനാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി രൂപീകരിച്ചത്. ഇതുവരെ ദേവികുളത്തെ ക്യാംപ് ഓഫീസിലായിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത്. വനിതകളടക്കം 13 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓഫീസിന്റെ പ്രവർത്തനം ഇടമലക്കുടിയിലേക്ക് മാറുന്നതോടെ വനിതാ ജീവനക്കാർക്ക് താമസിക്കാനായി സൊസൈറ്റിക്കുടിയിലെ പഴയ അക്ഷയ കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം തയാറാക്കിയിട്ടുണ്ട്.
പുരുഷൻമാർക്കായി പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതു വരെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ താമസ സൗകര്യമൊരുക്കും.
കാട്ടാനശല്യം ഒഴിവാക്കുന്നതിനായി ഓഫീസ് കെട്ടിടത്തിനു ചുറ്റും ട്രഞ്ച് നിർമാാണവും പൂർത്തിയാക്കി.