നഗരസഭയിൽ മഴക്കാല ശുചീകരണം തുടങ്ങി
1548742
Wednesday, May 7, 2025 11:53 PM IST
തൊടുപുഴ: നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാഞ്ഞിരമറ്റം ജംഗ്ഷനിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനു വേണ്ടി ഓടകളിലെ സ്ലാബുകൾ ജെസിബി ഉപയോഗിച്ച് മാറ്റി അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു തുടങ്ങി.
പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളായ റോട്ടറി ജംഗ്ഷൻ, മണക്കാട് ജംഗ്ഷൻ,ഷാപ്പുംപടി എന്നിവിടങ്ങളിലെ ഓടകളിൽ മാലിന്യം അടിഞ്ഞ് വെള്ളമൊഴുക്ക് നിലച്ചിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്നും ഹെൽത്ത് സ്ക്വാഡിനെ രാത്രികാലങ്ങളിൽ പരിശോധനയ്ക്ക് നിയോഗിക്കുമെന്നും ചെയർമാൻ കെ.ദീപക് അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. കരിം, പി. ജി രാജശേഖരൻ, തുടങ്ങിയവർ നേതൃത്വം നൽകി.