മത്സ്യവില കുതിച്ചുയർന്നു
1548741
Wednesday, May 7, 2025 11:53 PM IST
തൊടുപുഴ: അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചമീനിന് വില കുതിച്ചുയർന്നു. രണ്ടാഴ്ച മുന്പാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചത്. ഇതോടെ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യത്തിന്റെ വരവ് നാമമാത്രമായി.
വേനൽക്കാലമായതിനാൽ ഇവിടെ മത്സ്യലഭ്യത കുറയുകയും ചെയ്തതോടെ വില കുതിച്ചുയരുകയായിരുന്നു. ഇന്നലെ തൊടുപുഴയിൽ ഒരു കിലോ കേരയ്ക്ക് 580 രൂപയായിരുന്നുവില. മത്തി-180, അയല-160, ഓലക്കുടി-600, കൊഴുവ-140, കട്ല-200, വാളക്കൂരി-160, തിലാപ്പിയ-200, തിരിയാൻ-160, രോഹു-200, പൂങ്കണ്ണി-240, വറ്റ-340, വരാൽ-200, ചെന്പല്ലി-240, കാളാഞ്ചി-540, ചൂര-280, കിളി-260, ഏരി-560, മഞ്ഞ ഏരി-200 എന്നിങ്ങനെയായിരുന്നു മറ്റു മത്സ്യങ്ങളുടെ വില.
അതേസമയം മീനിന്റെ വരവ് കുറഞ്ഞതോടെ തോന്നുംപടി വില ഈടാക്കുന്ന വ്യാപാരികളുമുണ്ട്. കടയിൽ വില നിലവാരം പ്രദർശിപ്പിക്കാത്തതിനാൽ വില അറിയാനും ഉപഭോക്താവിന് സാധിക്കാതെ വരുന്നുണ്ട്. കൃത്യമായി വിലനിലവാരം ബോർഡിൽ പ്രദർശിപ്പിക്കണമെന്ന് കർശനനിർദേശമുണ്ടെങ്കിലും ഇതെല്ലാം കാറ്റിൽപറത്തുകയാണ്.
ഇക്കാര്യം കൃത്യമായി പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകാത്തതും കച്ചവടക്കാർക്ക് ഗുണകരമായി മാറുകയാണ്.
മീൻവിൽപ്പന ശാലകളിൽ നേരത്തേ പരിശോധന കർശനമാക്കിയിരുന്നെങ്കിലും ഇപ്പോൾ ഇതും നിലച്ചു. പലയിടത്തും പഴകിയ മത്സ്യങ്ങൾ വിൽപ്പന നടത്തുന്നതായും ആക്ഷേപമുയരുന്നുണ്ട്. പച്ചമീനിന് വില ഉയർന്നതിനാൽ വിൽപ്പനയും കുറഞ്ഞിട്ടുണ്ട്.