ക്രിക്കറ്റിൽ ജില്ലയ്ക്ക് പുത്തൻ കുതിപ്പേകാൻ കെസിഎ
1548189
Monday, May 5, 2025 11:56 PM IST
തൊടുപുഴ: ക്രിക്കറ്റിൽ ജില്ലയുടെ കുതിപ്പിനു വഴി തുറക്കുന്ന രണ്ടു പുതിയ പദ്ധതികളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. തൊടുപുഴ തെക്കുംഭാഗം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ്‍കുട്ടികൾക്കായുള്ള പുതിയ സംസ്ഥാന റെസിഡൻഷ്യൽ അക്കാദമി നിർമാണമാണ് ഇതിലൊന്ന്.
ഇതിനു പുറമേ മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്റർ കേരള ക്രിക്കറ്റ് കൗണ്‍സിൽ ഏറ്റെടുക്കുന്നത് ജില്ലയ്ക്കു പ്രതീക്ഷ നൽകുന്ന മറ്റൊരു പദ്ധതിയാണ്.
കഴിഞ്ഞയാഴ്ച എറണാകുളത്ത് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് അസോസിയേഷൻ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ പരിശീലനം നേടുന്ന കൗമാര താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള വാതായനങ്ങൾ തുറക്കാനുള്ള സാധ്യതയേറും.
റെസിഡൻഷ്യൽ അക്കാദമിക്കായി ജില്ലാതല തെരഞ്ഞെടുപ്പ് ഉടൻ ആരംഭിക്കും. കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കി മൈതാനം സ്ഥിതി ചെയ്യുന്ന ആലക്കോട് പഞ്ചായത്തിന് അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
കെട്ടിടനിർമാണം പൂർത്തിയാകാൻ കാലതാമസം നേരിടുമെന്നതിനാൽ റെസിഡൻഷ്യൽ ആവശ്യത്തിനായുള്ള കെട്ടിടം വാടകയ്ക്കെടുത്ത് പ്രവർത്തനം ആരംഭിക്കാനും ആലോചനയുണ്ട്. ഇതിന് സൗകര്യപ്രദമായ കെട്ടിടങ്ങൾ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്വേഷിച്ചുവരികയാണ്.
ഇവിടെനിന്ന് കുട്ടികളെ വാഹനത്തിൽ പരിശീലന സ്ഥലത്തെത്തിക്കാനാണ് പദ്ധതി. തുടക്കത്തിൽ 25 ഓളം കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. ഇവർക്കുള്ള ചെലവും പരിശീലനവും സൗജന്യമായിരിക്കും. തൊടുപുഴയിൽ തന്നെയുള്ള മികച്ച സ്കൂൾ കണ്ടെത്തി ഇവർക്ക് അഡ്മിഷൻ നൽകും. പരിശീലനം ഇല്ലാത്ത സമയങ്ങളിൽ പഠനമായിരിക്കും മുഖ്യം.
അക്കാദമിയിലേക്ക് തെരഞ്ഞെടുക്കേണ്ട കുട്ടികളുടെ പ്രായപരിധിയിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും 14നും 16നും ഇടയിലുള്ള കുട്ടികളെ പരിഗണിക്കാനാണ് സാധ്യത. പരിശീലനത്തിനായി ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയം, പ്രാക്ടീസിംഗ് നെറ്റ്സ് എന്നിവ പുതുതായി നിർമിക്കും. നിലവിലുള്ള രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾക്ക് പുറമേയാണ് ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.
ക്രിക്കറ്റ് താരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയാണ് 2018-ൽ നിർമാണം പൂർത്തീകരിച്ച സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് സെന്റർ കെസിഎ ഏറ്റെടുക്കുന്നത്. ഇതിനായി പ്രാരംഭ ചർച്ചകൾ നടത്തി. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും.
പതിനാറേക്കറിൽ ക്രിക്കറ്റ്, ഫുട്ബോൾ സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കുകളും ഹോസ്റ്റൽ സൗകര്യങ്ങളും ഇവിടെ ഒരുക്കും. സർക്കാർ അനുമതി ലഭിച്ചാൽ നിർമാണം തുടങ്ങാനാണ് തീരുമാനം. മന്ത്രി വി. അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സ്റ്റേഡിയം നടത്തിപ്പും കെസിഎയുടെ നേതൃത്വത്തിൽ ആയിരിക്കും.
തോട്ടം മേഖലയിലടക്കം നല്ല കായികക്ഷമതയുള്ള കുട്ടികളുണ്ടെന്നും ഇവരെ കണ്ടെത്തി കൂടുതൽ അവസരങ്ങൾ നൽകുന്നതിനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും കെസിഎ ജില്ലാ സെക്രട്ടറി വി.ആർ. ബിജു പറഞ്ഞു. കേരളത്തിൽനിന്ന് കൂടുതൽ കഴിവുള്ള താരങ്ങളെ വളർത്തിയെടുക്കാനാണ് കെസിഎയുടെ ശ്രമം. രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ അന്തർദേശീയ തലത്തിൽതന്നെ ഇടുക്കി ജില്ല ശ്രദ്ധേയമാകുമെന്നും അദ്ദേഹം പറഞ്ഞു.