മലിനജലം കൈത്തോടുകളിലേക്ക് ഒഴുക്കുന്നവർക്കെതിരേ നഗരസഭ
1548738
Wednesday, May 7, 2025 11:52 PM IST
കട്ടപ്പന: നഗരത്തിനുള്ളിലൂടെ ഒഴുകുന്ന കൈത്തോടുകളിലേക്കും ഓടയിലേക്കും മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കുമെതിരേ നടപടി ആരംഭിച്ചു. വിവിധ ഭാഗങ്ങളിൽനിന്നായി ഹോസുകൾ വഴിയും ചാലുകൾ തീർത്തുമാണ് മലിനജലം ഒഴുക്കുന്നത്.
മലിനജലം ഒഴുക്കുന്നത് മൂലം കൈത്തോടുകളും ഓടകളും മലിനമാകുന്നതിനൊപ്പം ഇവ ഒഴുകിയെത്തുന്ന കട്ടപ്പനയാറും മലിനമാകുകയാണ്. നഗരത്തിനുള്ളിലൂടെ ഒഴുകുന്ന കൈത്തോട് മലീമസമായി ദുർഗന്ധം വമിക്കുന്നതിലേക്ക് എത്തി. ഇത് ഒഴുകി നിരവധി കുടിവെള്ള സ്രോതസുകൾ ഉള്ള കട്ടപ്പനയാറിലേക്ക് എത്തിയതോടെ ആറും പൂർണ മലിനമായിത്തീർന്നു . തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചു.
ആദ്യ പരിശോധനയിൽ 12 സ്ഥാപനങ്ങളും ആറ് വീടുകളും ക്രമക്കേട് നടത്തുന്നതായി വ്യക്തമായി. തുടർന്ന് നോട്ടീസ് നൽകി. 15 ദിവസത്തിനകം മാലിന്യം ഒഴുക്കുന്ന ഹോസുകൾ അടയ്ക്കുകയും ശുചീകരണ സംവിധാനം ഒരുക്കുകയും ചെയ്യണമെന്നും അറിയിച്ചു. നടപടി സ്വീകരിക്കാത്ത കെട്ടിടങ്ങളുടെ മാലിന്യം ഒഴുക്കുന്ന ഹോസുകൾ നഗരസഭ അടയ്ക്കുകയും ഇവർക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു.
5,000 മുതൽ 50,000 രൂപവരെയാണ് ഇത്തരത്തിൽ ക്രമക്കേട് കാണിക്കുന്നവർക്കെതിരേ പിഴചുമത്തുന്നത്. എന്നാൽ, പല സ്ഥാപനങ്ങളും മാലിന്യം ഒഴുക്കുന്ന ഹോസുകൾ സ്ലാബുകളും മറ്റും ഉപയോഗിച്ച് മറവു ചെയ്തിട്ടുണ്ട്.
തുടർപരിശോധനകൾ നടത്തി ഇവ കണ്ടെത്തും. നിലവിൽ നഗരത്തിനുള്ളിലൂടെ മാലിന്യവാഹിനിയായി ഒഴുകുന്ന കൈത്തോടുകൾ നഗരസഭാ ആരോഗ്യവിഭാഗം ശുചീകരിച്ചു.