മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി: ജില്ലയിൽ അഞ്ചിടത്ത് മോക്ഡ്രിൽ
1548739
Wednesday, May 7, 2025 11:53 PM IST
തൊടുപുഴ: മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതോടെ അതിവേഗത്തിൽ പാഞ്ഞുപോകുന്ന ആംബുലൻസുകളും അഗ്നിരക്ഷാ വാഹനങ്ങളും ജനാലകളും വാതിലുകളും അടച്ചിട്ട് വെളിച്ചം അണച്ച കെട്ടിടങ്ങളും ഇതിനു പുറമേ സർവസജ്ജരായി കരുതലോടെ നിൽക്കുന്ന രക്ഷാപ്രവർത്തകരും കരുതലിന്റെ രക്ഷാകരം നീട്ടിയുള്ള രക്ഷാപ്രവർത്തനവും എന്നിവയെല്ലാം അരങ്ങേറിയപ്പോൾ ജനങ്ങളിൽ ആദ്യം ഉണ്ടായത് ആശങ്ക.
എന്നാൽ യുദ്ധസാഹചര്യം മുൻനിർത്തി ജനങ്ങൾക്ക് ബോധവത്കരണമെന്ന നിലയിലാണ് പഴുതടച്ച മോക്ഡ്രിൽ സംഘടിപ്പിച്ചതെന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ടായതോടെ ആശങ്കകൾ വഴി മാറി. യുദ്ധഭീതിക്കിടെ മുൻകരുതൽ നടപടികൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജില്ലയിൽ അഞ്ചിടങ്ങളിൽ മോക്ഡ്രിൽ നടത്തിയത്.
അപായസന്ദേശം നൽകുന്ന സൈറണ്‍ മുഴങ്ങുന്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചിരുന്നു. ഇന്നലെ വൈകുന്നേരം നാലു മുതൽ 4.30 വരെയായിരുന്നു മോക്ഡ്രിൽ. ഇതിനു മുന്നോടിയായി ഇന്നലെ രാവിലെ കളക്ടറേറ്റിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ് എന്നിവർ പങ്കെടുത്തു.
കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായാൽ നടത്തേണ്ട രക്ഷാദൗത്യത്തിന്റെ മോക്ഡ്രിൽ തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. തീപിടിത്തത്തെതുടർന്നുള്ള രക്ഷാ പ്രവർത്തനം ഇടുക്കി എൻജിനിയറിംഗ് കോളജിലും സെർച്ച് ആന്‍ഡ് റസ്ക്യൂ പ്രവർത്തനം മൂന്നാറിലുമാണ് നടത്തിയത്. കുമളി മന്നാംകുടി കമ്യൂണിറ്റി സ്റ്റഡി സെന്റർ, അടിമാലി മന്നാംകണ്ടം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലും മോക്ഡ്രിൽ സംഘടിപ്പിച്ചു.
അഗ്നിരക്ഷാസേന, റവന്യു, ആരോഗ്യം, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പോലീസിനും അഗ്നിരക്ഷാ സേനാംഗങ്ങൾക്കും പുറമേ റാപ്പിഡ് റെസ്പോണ്‍സ് ടീം, സിവിൽ ഡിഫൻസ് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവരാണ് മോക് ഡ്രില്ലിൽ പങ്കെടുത്തത്. അഗ്നിരക്ഷാസേന, പോലീസ് വാഹനങ്ങൾ, ആംബുലൻസുകൾ എന്നിവ ഉപയോഗിച്ചായിരുന്നു മോക് ഡ്രിൽ.
തൊടുപുഴ ബംഗ്ലാംകുന്നിലെ കെട്ടിടസമുച്ചയത്തിൽനിന്നു പരിക്കേറ്റ ആളുകളെ ഒഴിപ്പിക്കുന്ന രീതിയിലായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്. എപിജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയിരുന്ന ആശുപത്രിയിലേക്കാണ് ഇവരെ അതിവേഗത്തിൽ എത്തിച്ചത്. സാരമായി പരിക്കേറ്റവരെ ആംബുലൻസിൽ മറ്റ് ആശുപത്രികളിലേക്ക് നീക്കി. ആശുപത്രികളിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും പരിശോധനാ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.
പരിപാടിയുടെ ഇൻസിഡന്റ് കമാൻഡറായ തൊടുപുഴ തഹസിൽദാർ ഒ.എസ്. ജയകുമാർ, അസി. ഇൻസിഡന്റ് കമാൻഡറായ ഇളംദേശം ബ്ലോക്ക് സെക്രട്ടറി എ.ജെ. അജയ്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. സന്തോഷ്കുമാർ, തൊടുപുഴ സിഐ എസ്. മഹേഷ്കുമാർ, തൊടുപുഴ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് പി.എൻ. അജി എന്നിവരുടെ നേതൃത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ ചേലച്ചുവട്ടിൽ
ഇടുക്കി: ചേലച്ചുവട് ബസ് സ്റ്റാൻഡിൽ നടന്ന ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ അരങ്ങേറിയപ്പോൾ ആദ്യം പൊതുജനങ്ങളിൽ ഉണ്ടായത് അന്പരപ്പ്. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രാപ്തരാക്കുന്ന മോക്ഡ്രിൽ ആണെന്ന അനൗണ്‍സ്മെന്റ് വന്നതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്. ഇതോടെ പൊതുജനങ്ങളും ബസ് കാത്തുനിന്നവരും മോക് ഡ്രില്ലിന്റെ ഭാഗമായി. ചേലച്ചുവട് ടൗണിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്.
അസംബ്ലി പോയിന്റ് ചേലച്ചുവട് ബസ് സ്റ്റാൻഡ് പരിസരവും ദുരന്തബാധിത മേഖലാ ചേലച്ചുവട് ലൈബ്രറി ഹാൾ പ്രദേശവും ഷെൽട്ടർ ക്യാന്പ് ചുരുളി സെന്റ് തോമസ് ചർച്ച് പാരിഷ് ഹാളിലുമായിരുന്നു.
വണ്ണപ്പുറം, വെള്ളിയാമറ്റം, കരിമണ്ണൂർ, ഉടുന്പന്നൂർ, ആലക്കോട്, കുടയത്തൂർ, അറക്കുളം, വാത്തിക്കുടി, മരിയാപുരം, വാഴത്തോപ്പ്, ഇടുക്കി കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകൾക്ക് വേണ്ടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനതല ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പ് പരിശീലനം ചേലച്ചുവട് ടൗണിൽ ഇന്നലെ രാവിലെ നടത്തിയത്. കിലയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
ചുരുളി സെന്റ് തോമസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പൊതുയോഗം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്തു.
ഇടുക്കി തഹസിൽദാർ റാം ബിനോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.