ഇടുക്കി രൂപതാദിനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
1549029
Friday, May 9, 2025 12:08 AM IST
ചെറുതോണി: ഇടുക്കി രൂപതാ ദിനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാകേന്ദ്രം അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്ത െത്തുടർന്ന് മാറ്റിവച്ച രൂപത ദിനാചരണം 13ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ നടക്കും.
2003ൽ കോതമംഗലം രൂപത വിഭജിച്ച് പുതുതായി രൂപീകരിക്കപ്പെട്ട ഇടുക്കി രൂപതയുടെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷം രൂപതാദിനം ആചരിക്കുന്നത്. ക്രിസ്തുജയന്തിയുടെ ജൂബിലി വർഷം കൂടിയായ ഈ വർഷം വിപുലമായ പരിപാടികളോടെയാണ് രൂപതാ ദിനാചരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ രൂപതയിലെ 2500 ഓളം കലാകാരികൾ അണിനിരക്കുന്ന മെഗാ മാർഗംകളി നടക്കും.
ഹൈറേഞ്ചിൽ ആദ്യമായാണ് ഇത്തരത്തിൽ മെഗാ മാർഗംകളി സംഘടിപ്പിക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളിൽനിന്ന് എത്തിച്ചേരുന്ന കലാകാരികൾ ഇടുക്കി ന്യൂമാൻ സ്കൂൾ ഗ്രൗണ്ടിൽ അണിനിരക്കും. അവിടെനിന്നു വേഷം ധരിച്ച് റാലിയായി ഇടുക്കി ഗ്രൗണ്ടിലെത്തും.
കുട്ടികളും യുവതികളും അമ്മമാരും പങ്കെടുക്കുന്ന മെഗാ മാർഗംകളി ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.
രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് കരിവേലിക്കൽ, മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ്, ജനപ്രതിനിധികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ നൃത്തവിരുന്ന് ആസ്വദിക്കാൻ എത്തും.
12ന് രൂപതയിലെ ജൂബിലി തീർഥാടന കേന്ദ്രങ്ങളായ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽനിന്ന് വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ദൈവാലയത്തിൽനിന്ന് ദീപശിഖാ പ്രയാണവും രാജകുമാരി ദൈവമാതാ ദൈവാലയത്തിൽ നിന്നു പതാകപ്രയാണവും നെടുങ്കണ്ടത്തേക്ക് പുറപ്പെടും. വൈകുന്നേരം അഞ്ചിന് നെടുങ്കണ്ടം കരുണ ആനിമേഷൻ സെന്ററിൽ പ്രയാണങ്ങൾ സംഗമിക്കും. 5. 30ന് അവിടെനിന്നു രൂപതാദിന വിളംബര വാഹന ജാഥ ആരംഭിക്കും.
നൂറുകണക്കിന് വാഹനങ്ങളുടെ അകന്പടിയോടെ നടക്കുന്ന വിളംബര ജാഥ നെടുങ്കണ്ടം ടൗണിലൂടെ കടന്ന് സമ്മേളന നഗരിയിൽ എത്തും.
13ന് രാവിലെ 8.45ന് സമൂഹബലിക്ക് ഒരുക്കമായുള്ള പ്രദക്ഷിണം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽനിന്ന് ആരംഭിക്കും. സമൂഹബലിക്ക് ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരായിരിക്കും. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരും എല്ലാ ഇടവകകളിൽനിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും.
തുടർന്നു നടക്കുന്ന സമ്മേളനം സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. മാർ ജോണ്‍ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും.
മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ, ഡീൻ കുര്യാക്കോസ് എംപി, എം.എം. മണി എംഎൽഎ എന്നിവർ ആശംസകൾ അർപ്പിക്കും. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ളവരുമായ രൂപതാംഗങ്ങളെ വേദിയിൽ ആദരിക്കും.
വിപുലമായ ഒരുക്കങ്ങൾക്കുള്ള നൂറിലധികം ആളുകൾ അടങ്ങിയ വിവിധ കമ്മിറ്റികൾക്ക് മോണ്‍. ജോസ് കരിവേലിക്കൽ, ആർച്ച് പ്രീസ്റ്റ് ഫാ. ജയിംസ് ശൗര്യാംകുഴിയിൽ, ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ജിൻസ് കാരക്കാട്ട്, ജോർജ് കോയിക്കൽ, സാം സണ്ണി എന്നിവർ നേതൃത്വം നൽകുന്നതായും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.