പള്ളിവാസലിലെ 25 കുടുംബങ്ങളുടെ ഭൂമി രജിസ്ട്രേഷന് ഇളവ്
1548745
Wednesday, May 7, 2025 11:53 PM IST
തിരുവനന്തപുരം: ഇടുക്കി പള്ളിവാസലിലെ 25 കുടുംബങ്ങൾക്കു ഭൂമി രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയിൽ ഇളവ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ദേവികുളം ആനവിരട്ടി വില്ലേജിലെ റിസർവേ 55/3/4ൽ പെട്ട പള്ളിവാസൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.62 ആർ ഭൂമി വീതം 25 കുടുംബങ്ങൾക്കു കൈമാറുന്നതിന്റെ ആധാര രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഉൾപ്പെടെയുള്ള തുകയായ 80,200 രൂപയാണ് ഇളവു നൽകുക. ഈ 25 കുടുംബങ്ങൾ ഭൂരഹിതരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണെന്ന വസ്തുതകൾ ജില്ലാ കളക്ടർ ഉറപ്പാക്കണമെന്ന നിബന്ധന ഒഴിവാക്കിയാണ് തീരുമാനം.
നവകേരള സദസിൽ സമർപ്പിച്ച അപേക്ഷ പ്രകാരമാണ് നടപടി.
ഉടുന്പൻചോല താലൂക്കിലെ പാറത്തോട് വില്ലേജിൽ നെടുങ്കണ്ടം കച്ചേരി സെറ്റിൽമെന്റിൽപ്പെട്ട 0.0112 ഹെക്ടർ ഭൂമി ഹോർട്ടി കോർപ്പ് സ്റ്റാൾ നിർമിക്കാൻ 10 വർഷത്തേക്കു ഹോർട്ടി കോർപ്പിനു പാട്ടത്തിനു നൽകും. സൗജന്യ നിരക്കിലാണ് ഹോർട്ടി കോർപ്പിനു പാട്ടത്തിന് നൽകുക.