വൃത്തിഹീനമായ ഹോട്ടൽ അടപ്പിച്ചു
1548737
Wednesday, May 7, 2025 11:52 PM IST
കട്ടപ്പന: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കട്ടപ്പന നഗരത്തിൽ പ്രവര്‍ത്തിച്ചുവന്ന ഹോട്ടല്‍ നഗരസഭാ ആരോഗ്യവിഭാഗം അടപ്പിച്ചു. പച്ചക്കറി മാര്‍ക്കറ്റിലെ സിറ്റി ഹോട്ടലിനെതിരേയാണ് നടപടി. മലിനജലം ഒഴുക്കുന്നതായുള്ള പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഥാപനം ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷന് സമീപം പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്നതായി നഗരസഭാ സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തിയത്.
ഹോട്ടലിന്റെ അടുക്കളയുടെ പിന്‍വശത്തുകൂടി മലിനജലം ഒഴുക്കുന്നതിനാല്‍ ഇവിടെ അസഹ്യമായ ദുര്‍ഗന്ധമാണ്. ഭക്ഷണം പാകം ചെയ്യാന്‍ പഴകിയ എണ്ണയാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.
തുറസായ സ്ഥലത്താണ് മാവ് കുഴയ്ക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് നശിപ്പിച്ചശേഷം ഹോട്ടല്‍ പൂട്ടുകയായിരുന്നു.
ശുചിത്വ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചശേഷമേ ഹോട്ടല്‍ തുറക്കാവൂ എന്നും നിര്‍ദേശം നല്കി.