അയല്‍വാസികൾ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
1549027
Friday, May 9, 2025 12:08 AM IST
മറയൂര്‍: കാന്തല്ലൂർ പഞ്ചായത്തിലെ പയസ് നഗറിൽ അയല്‍വാസികളായ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പാറ സ്വദേശികളായ മരുതുംമൂട്ടില്‍ വീട്ടില്‍ ബിനോയി എന്ന് വിളിക്കുന്ന സരീഷ് ജോര്‍ജ് (46), രതിവിലാസം വീട്ടില്‍ രമേശ് (42) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സരീഷ് ജോര്‍ജിനെ സെന്റ് പയസ് കോണ്‍വെന്റ് വക സ്ഥലത്തെ കിണറ്റിലും രമേശിനെ വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ കോണ്‍വെന്റ് വക സ്ഥലത്തെ കിണറ്റിലെ ഫുട് വാൽവിൽ വെള്ളം നിറയ്ക്കാനെത്തിയവരാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. പിന്നീട് മറയൂര്‍ പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സരീഷാണെന്ന് തിരിച്ചറിഞ്ഞത്. രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെയാണ് രമേശിനെ വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സരീഷ് തിങ്കളാഴ് ഉച്ചയ്ക്ക് ഒന്നിന് രമേശിനൊപ്പം പോയതാണെന്നും പിന്നീട് തിരികെ എത്തിയിട്ടില്ലെന്നും മാതാവ് മൊഴി നല്കി.
തിങ്കളാഴ്ച്ച ഇരുവരും ഒരുമിച്ചുപോകുന്നതു കണ്ടതായി പരിസരവാസികള്‍ പറഞ്ഞു. മൂന്നാറില്‍നിന്നു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കിണറ്റില്‍നിന്നു മൃതദേഹം പുറത്തെടുത്തത്. കിണറിന് സമീപത്തുനിന്നും മദ്യക്കുപ്പിയും ഗ്ലാസും ഉപയോഗിച്ച ശേഷം ഒഴിഞ്ഞനിലയില്‍ കണ്ടെത്തി.
മറയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ആർ. ജിജു, എസ്എച്ച്ഒ മാഹിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പെയിന്റിംഗ് തൊഴിലാളിയായ രമേശ് അവിവാഹിതനാണ്. പിതാവ് രാജു, മാതാവ് ലളിത.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സരീഷ് മടങ്ങിയെത്തിയ ശേഷം നാട്ടില്‍ പ്ലമ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ജോര്‍ജ്, മാതാവ്: ഗ്രേസിമണി, ഭാര്യ: ബിന്ദു, മക്കള്‍: ഷാരോണ്‍ ജോര്‍ജ് സരീഷ്, മല്റ്റ മരിയ സരീഷ്