ബാറിൽ സംഘർഷം: ആക്രമണത്തിൽ പോലീസുകാരന് പരിക്ക്
1548476
Wednesday, May 7, 2025 12:13 AM IST
തൊടുപുഴ: ബാറിലുണ്ടായ സംഘർഷത്തിനിടെ പോലീസുകാരനെ ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ. സംഭവത്തിൽ പുറപ്പുഴ സ്വദേശി രജീഷ് രാജനെ (വിചാരണ ഉണ്ണി) യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കരിങ്കുന്നം സ്വദേശി സുനിൽ കുമാറിനാണ് ബിയർ കുപ്പിക്ക് തലയ്ക്കടിച്ചതിനെത്തുടർന്ന് സാരമായി പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പാലാ റോഡിലുള്ള ജെമിനി ബാറിലാണ് സംഭവം. ഇവിടെ മദ്യപിക്കാനെത്തിയ ഉണ്ണി ജീവനക്കാരുമായി വാക്കേറ്റത്തിലായി. ഈ സമയം അവിടെ എത്തിയ സുനിൽ കുമാറിനാണ് കുപ്പി കൊണ്ടുള്ള അടിയേറ്റത്. ഉണ്ണി കൈയിൽ കരുതിയിരുന്ന ബിയർ കുപ്പികൊണ്ട് സുനിൽകുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഉണ്ണിയെ മറ്റുള്ളവർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിൽകുമാറിന്റെ തലയിൽ ഏഴു തുന്നലുകൾ ഇട്ടു. അതേ സമയം ആള് മാറിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.