കാഡ്സ് ഗ്രീൻഫെസ്റ്റ് സ്വാഗതസംഘം രൂപീകരിച്ചു
1548484
Wednesday, May 7, 2025 12:14 AM IST
തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ 26 മുതൽ ജൂണ്‍ ഒന്നുവരെ ഷെറോണ് കൾച്ചറൽ സെന്ററിൽ നടത്തുന്ന ഗ്രീൻ ഫെസ്റ്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കാഡ്സ് വില്ലേജ് സ്ക്വയറിൽ നടന്ന യോഗം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ആന്റണി കണ്ടിരിക്കൽ അധ്യക്ഷത വഹിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് വി.കെ. ഷാജി, സുരേഷ് ബാബു, രാജീവ്, അഡ്വ. ബിജു കളപ്പുരയിൽ, ലഫ്. പ്രജീഷ് സി. മാത്യു, മേഴ്സി, വേണു, ശശിധരൻ എന്നിവർ വിഷയാവതരണം നടത്തി.
വിത്തുത്സവം, മാന്പഴമേള, ചക്ക ഉത്സവം, വിപണനസ്റ്റാളുകൾ, 50 ഇനം വാഴക്കുലകളുടെയും കാച്ചിലുകളുടെയും പ്രദർശനം, ഓർഗാനിക് ടൂർ പാക്കേജ്, 30 ശതമാനം വിലക്കുറവിൽ വളങ്ങളുടെയും കാർഷികഉപകരണങ്ങളുടെയും വിതരണം, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ഓമനപ്പൂച്ചകളുടെ സൗന്ദര്യമത്സരം, ഫാം സ്കൂൾ ഉദ്ഘാടനം, കലാപരിപാടികൾ, കുട്ടികൾക്കുള്ള മത്സരങ്ങൾ, എൻസിസി അംഗങ്ങളുടെ ജയ് ജവാൻ ജയ്കിസാൻ ഡിസ്പ്ലേ, കുടുംബശ്രീ ഫുഡ്കോർട്ട്, കാർഷിക വ്യവസായ ഉപകരണങ്ങളുടെ പ്രദർശനം, ചിൽഡ്രൻസ് പാർക്ക് തുടങ്ങി വിവിധ പരിപാടികളാണ് ഇത്തവണത്തെ ഗ്രീൻ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർമാരായ ജേക്കബ് മാത്യു, വി.പി. സുകുമാരൻ, കെ.എം. ജോസ്, വി.പി. ജോർജ്, ടെഡി ജോസ്, സജി മാത്യു, ആൻസി ജേക്കബ്, ഷീന അലോഷി, അലോഷി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ ചെയർമാൻ കെ. ദീപക്-ചെയർമാൻ, ആന്റണി കണ്ടിരിക്കൽ-ജനറൽ കണ്‍വീനർ എന്നിവരടങ്ങുന്ന 251 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.