ഡ്രീം ഹോം ഭവന പദ്ധതിയുമായി വിൻസെന്റ് ഡി പോൾ സൊസൈറ്റി
1549021
Friday, May 9, 2025 12:08 AM IST
തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാത ഇടവകയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ കുടുംബസംഗമവും ഡ്രീം ഹോം ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. വിജ്ഞാനമാത പാരിഷ് ഹാളിൽ ചേർന്ന യോഗം വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിപ്രസിഡന്റ് ആന്റണി കോറോത്ത് പദ്ധതി വിശദീകരിച്ചു.
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും രോഗംമൂലം ബുദ്ധിമുട്ടുന്നവരുമായ വനിതകളെയും പ്രത്യേകിച്ച് വിധവകളെയുമാണ് ജാതി, മത പരിഗണനയില്ലാതെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വകാര്യവ്യക്തി കുമാരമംഗലം പഞ്ചായത്തിൽ 60 സെന്റ് സ്ഥലമാണ് സൗജന്യമായി വിട്ടുനൽകിയിരിക്കുന്നത്. നാലു സെന്റ് സ്ഥലത്ത് 496 ചതുരശ്രയടി വിസ്തീർണമുള്ള 12 വീടുകളാണ് നിർമിക്കുന്നത്. ഒരു വീടിന് എട്ടുലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഡ്രീം ഹോം ഭവന പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം വിൻസെന്റ് ഡി പോൾ സൊസൈറ്റി കോതമംഗലം രൂപത സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് ബേബി ജോസഫ് തെക്കേച്ചെരുവിൽ സ്ഥലത്തിന്റെ ആധാരം കുടുംബങ്ങൾക്ക് നൽകി നിർവഹിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തോമസ് കുഴിഞ്ഞാലിയെ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് താനത്തുപറന്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സൊസൈറ്റി ഭാരവാഹികളായ ജോസ് കുര്യൻ, മൈക്കിൾ പ്ലാത്തോട്ടം, ഡോ. പി.സി. ജോർജ്, ഡോ. ജോണ്‍ വഴുതലക്കാട്ട്, ഡോ. ജോണ്സണ് വർഗീസ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജോബ് തുടങ്ങിയവർ പ്രസംഗിച്ചു.