കരാറുകാരന്റെ അനാസ്ഥ: കുത്തിപ്പൊളിച്ച റോഡ് രണ്ടു വർഷമായിട്ടും നന്നാക്കിയില്ല
1548188
Monday, May 5, 2025 11:56 PM IST
രാജാക്കാട്: കരാറുകാരന്റെ അനാസ്ഥയില്‍ ദുരിതമനുഭവിക്കുകയാണ് ശാന്തമ്പാറ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ ആയിരക്കണക്കിന് നാട്ടുകാര്‍. കാലങ്ങളുടെ കാത്തിരിപ്പിനു ശേഷം റോഡ് ടാറിംഗിന് പണമനുവദിച്ചെങ്കിലും കരാർ കാലാവധി കഴിയാറായിട്ടും പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് തയാറാകുന്നില്ല.
ഉണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് സോളിംഗ് നടത്തിയതല്ലാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി കരാറുകാരന് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് പരാതി. നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്കാന് ഇനിയൊരിടവും ബാക്കിയില്ല.
തകര്‍ന്നുകിടന്ന ശാന്തമ്പാറ പഞ്ചായത്തിലെ നാല് കിലോമീറ്ററോളം വരുന്ന ചേരിയാര്‍ - പള്ളിക്കുന്ന് റോഡ് പിഎംജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി 85 ലക്ഷം രൂപ ഫണ്ടനുവദിച്ച് കരാര്‍ നല്‍കിയത് 2023 ലാണ്. ഇതിന് ശേഷം കരാറുകാരന് റോഡ് പൂര്‍ണമായും കുത്തിപ്പൊളിച്ച് മെറ്റല്‍ നിരത്തി. ഇതോടെ ഇതുവഴി കാല്‍നട പോലും കഴിയാത്ത അവസ്ഥയിലെത്തി. നിലവില്‍ വേനല്‍ മഴ പെയ്തതോടെ റോഡ് പലയിടത്തും വെള്ളം കെട്ടി ചെളിക്കുണ്ടായി മാറി.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ കാലാവധി അവസാനിച്ചു. തുടര്‍ന്ന് ജോലി തീർക്കാൻ മൂന്ന് മാസംകൂടി കൂട്ടി നല്‍കിയിട്ടുണ്ട്. വരുന്ന ജൂണ്‍ 15ന് ഈ കാലാവധിയും അവസാനിക്കുമെന്നിരിക്കേ പണികള്‍ തുടങ്ങുന്നതിന് കരാറുകാരന് തയാറായിട്ടില്ല. ജൂണിന് മുമ്പ് പണി ആരംഭിച്ചില്ലെങ്കില്‍ കുട്ടികളെ സ്കൂളുകളിലയയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയാകും. റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ടാക്സി വാഹനങ്ങളും ഇതുവഴി വരുന്നില്ല.
കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും നാട്ടുകാര്‍ പുറം ലോകവുമായി ബന്ധപ്പെടുന്നത്. നിലവില്‍ നടത്തിയിരിക്കുന്ന കരിങ്കല്‍ക്കെട്ട് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും അശാസ്ത്രീയമായിട്ടാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതു പരിഹരിച്ച് മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് പണി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.