കുരിശ് തകർക്കൽ: വനംവകുപ്പിനെതിരേ അന്വേഷണം വേണം-സിപിഐ
1549022
Friday, May 9, 2025 12:08 AM IST
തൊടുപുഴ: തൊമ്മൻകുത്ത് നാരങ്ങാനത്ത് കുരിശ് നശിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരേ കടുത്ത നടപടി വേണമെന്നും സിപിഐ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ് പറഞ്ഞു.
കർഷകരുടെ കൈവശമുള്ള ഏതുതരം ഭൂമിയും സ്വന്തമാക്കാനുള്ള വനംവകുപ്പിലെ ചിലരുടെ ആർത്തിയാണ് പവിത്രമായ കുരിശ് ജെസിബി ഉപയോഗിച്ച് തകർക്കാനുള്ള നീക്കത്തിനു പിന്നിലുള്ളത്. ഇതു വീഡിയോയിൽ ചിത്രീകരിച്ച നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത് ഉചിതമായ നടപടിയല്ല.
ആരേയും കുടിയൊഴിപ്പിക്കുന്ന സമീപനം എൽഡിഎഫ് സർക്കാരിനില്ല. ജോയിന്റ് വേരിഫി്ക്കേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടതും അല്ലാത്തതുമായ കുടിയേറ്റക്കാർക്ക് പട്ടയം നൽകുകയെന്നതാണ് എൽഡിഎഫിന്റെ നിലപാട്. കർഷകരുടെ ഭൂമി വനഭൂമിയാക്കാനുള്ള നീക്കത്തെ സിപിഐ എതിർക്കും. സമരം നടത്തേണ്ടത് വനംവകുപ്പ് ഓഫീസിനു മുന്നിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെപ്രഖ്യാപിത നയത്തെ അട്ടിമറിച്ച് പ്രതിച്ഛായ തകർക്കാൻ വനംവകുപ്പ് നടത്തിയ കുരിശ് പൊളിക്കൽ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുരിശ് തകർക്കലും വനംവകുപ്പ് റിപ്പോർട്ടും: എൽഡിഎഫിൽ ഭിന്നത
തൊടുപുഴ: തൊമ്മൻകുത്ത് നാരങ്ങാനത്ത് കൈവശഭൂമിയിൽ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കുരിശ് വനംവകുപ്പ് നശിപ്പിച്ച സംഭവത്തിലും ഈ സ്ഥലം ഉൾപ്പെടെ വണ്ണപ്പുറം വില്ലേജിലെ 4005 ഏക്കർ റിസർവ് വനമാണെന്ന് റിപ്പോർട്ട് നൽ്കുകയും ചെയ്ത വില്ലേജ് ഓഫീസറുടെ നടപടിയിലും എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു.
തെറ്റായ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നു സിപിഎമ്മിന്റെ നേതൃത്വത്തിൽ വണ്ണപ്പുറം വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കുരിശ് പൊളിച്ചുനീക്കിയ വനംവകുപ്പിനെതിരേ സിപിഐ രംഗത്തെത്തിയിരിക്കുന്നത്.
കുരിശ് തകർത്ത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ നടപടി സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണമെന്നാണ് സിപിഐ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ് ആവശ്യപ്പെട്ടിരിക്കുന്നത്.
കുരിശ് തകർത്ത് ആഴ്ചകൾക്കു ശേഷമാണ് സിപിഐ ഇങ്ങനെ ഒരു ആവശ്യവുമായി രംഗത്തെത്തിയതെന്ന പ്രത്യേകതയുമുണ്ട്. വില്ലേജ് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്താനുള്ള തീരുമാനത്തിനു പിന്നാലെയാണ് സിപിഐ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് മുന്നണിയിലെ അസ്വാരസ്യങ്ങൾ മൂലമാണെന്ന് വ്യക്തമാണ്.
ഇന്നു നടക്കുന്ന വില്ലേജ് ഓഫീസ് മാർച്ചിൽനിന്നു സിപിഐ വിട്ടുനിൽക്കുകയാണ്. സമരത്തിനെതിരേ മണ്ഡലം സെക്രട്ടറി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതോടെ ഏറെ വിവാദമായ കുരിശ് തകർക്കൽ സംഭവത്തിൽ ജില്ലയിൽ എൽഡിഎഫിലെ പ്രബലകക്ഷികൾ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേരത്തേയും ജില്ലയിലെ ഭൂ പ്രശ്നങ്ങളിൽ സിപിഐ-സിപിഎം കക്ഷികൾ തമ്മിൽ പരസ്പരം വാക്പോര് നടന്നിട്ടുണ്ട്.
സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും സിപിഎം നേതാവായ എം.എം. മണിയും തമ്മിലായിരുന്നു പലപ്പോഴും അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നത്. ഇതു പരസ്യമായ അഭിപ്രായ പ്രകടനത്തിനും കാരണമായിരുന്നു.
നിലവിലെ സ്ഥിതിയിൽ സിപിഎം-സിപിഐ ഭിന്നത കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.