കർഷകരുടെ കൂട്ടായ്മയിൽ നാടൻ കൃഷിപ്പെരുമ
1548178
Monday, May 5, 2025 11:56 PM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: വെങ്ങല്ലൂർ ഇടയ്ക്കാട്ടു കയറ്റത്തുള്ള ഒന്നേകാൽ ഏക്കർ പുരയിടം ഇന്ന് വിവിധ പച്ചക്കറി കൃഷികളാൽ സന്പന്നം. ഇവിടെ പരിപാലിച്ചുവരുന്നതു ചീര മുതൽ തക്കാളി വരെയുള്ള കൃഷിവിളകൾ. വിളവെടുപ്പ് ഒരു ഘട്ടം പൂർത്തിയാകുന്പോഴേക്കും അടുത്തതു വിളവെടുപ്പിനു പാകമാകും.
നേരത്തേ വാഴത്തോട്ടത്തിൽ ഇടവിളയായി വെള്ളരി, പയർ, പടവലം, പാവൽ, വഴുതന, കോവൽ, ചീര, ചുരയ്ക്ക, കപ്പ, ചേന, മത്തൻ എന്നിവ കൃഷിചെയ്തിരുന്നു. 450-ഓളം ഏത്തവാഴകളും ഞാലിപ്പൂവനും റോബസ്റ്റയുമെല്ലാം ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്.
ഓണത്തിന് വിളവെടുക്കുകയാണ് ലക്ഷ്യം. ഇതിനായി വേനലിൽ നനച്ച് കൃത്യമായ ഇടവേളകളിൽ ചാണകസ്ലറി, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങളും ഇതിനു പുറമേ രാസവളങ്ങളും നൽകിവരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്കും നല്ല ഡിമാന്‍ഡാണ്. ജൈവവളങ്ങളാണ് കൂടുതലായും കൃഷിയിൽ ഉപയോഗിക്കുന്നത്. അതിനാൽ കൃഷിയിടത്തിൽതന്നെ പച്ചക്കറിക്ക് മികച്ച ഡിമാന്‍ഡാണ്. വിപണി അന്വേഷിച്ച് സമയം കളയേണ്ട സാഹചര്യവുമില്ല.
ആറു മാസം മുന്‍പ് ഇടയ്ക്കാട്ടുകയറ്റം സ്വദേശികളായ ടി.എസ്. രാജൻ, കെ.കെ. സജീവൻ, സി.വി. സജീവൻ, ആർ. വിനയചന്ദ്രൻ, സി.വി. സാബു എന്നിവർ ചേർന്നാണ് കൃഷി തുടങ്ങിയത്.
വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇവർ രാവിലെയും വൈകുന്നേരവും ഒഴിവുദിനങ്ങളിലുമാണ് കൃഷിജോലിയിൽ വ്യാപൃതരാകുന്നത്. ശരീരത്തിന് വ്യായാമവും മനസിന് സന്തോഷവും ലഭിക്കുന്നതിനാൽ അഞ്ചുപേരും കൃഷി ചെറുപ്പകാലം മുതൽ ഏറെ ഇഷ്ടപ്പെടുന്നവരുമാണ്. ഇവരുടെ കൃഷി വിജയമായതോടെ കൃഷിവകുപ്പിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്.
കൃഷിത്തോട്ടം സന്ദർശിച്ച് ആവശ്യമായ മാർഗനിർദേശങ്ങളും ഇവർ നൽകുന്നുണ്ട്. പാട്ടത്തിനെടുത്ത സ്ഥലത്താണ് നിലവിൽ കൃഷിചെയ്തുവരുന്നത്. വേനലിൽ വറ്റാത്ത വെള്ളമുള്ളതിനാൽ ജലസേചന സൗകര്യവുമുണ്ട്. ഇതെല്ലാം ഇവിടെ പച്ചക്കറി കൃഷിക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഓരോ ഇനം പച്ചക്കറികളും കൃത്യമായ ഫാം പ്ലാനിംഗ് തയാറാക്കിയാണ് നടുന്നത്. സ്ഥലം അൽപ്പം പോലും നഷ്ടമാക്കാതെ കൃഷിചെയ്യുന്നതിനാൽ മികച്ച ഉത്പാദനവും ലഭിക്കുന്നു.
അതുവഴി കൂടുതൽ വരുമാനം നേടാനും ഇവർക്കു കഴിയുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൃഷി വിജയമായതോടെ ഇതു കൂടുതൽ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.