വനംവകുപ്പിന്റെ ഭൂമികൈയേറ്റം: പ്രതിഷേധം ശക്തമാകുന്നു
1548473
Wednesday, May 7, 2025 12:13 AM IST
രാജാക്കാട്: ചിന്നക്കനാൽ വില്ലേജിലെ റവന്യു വകുപ്പിന്റെ ഭൂമിയിൽ വനംവകുപ്പ് നടത്തുന്ന കൈയേറ്റത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ചിന്നക്കനാൽ വിലക്കിൽ സിമന്റ് പാലത്തിന് സമീപമുള്ള റവന്യു വക സ്ഥലം വനംവകുപ്പ് കൈയേറി ബോർഡ് സ്ഥാപിച്ചതോടെയാണ് പ്രതിഷേധമുയർന്നിരിക്കുന്നത്.
ഭൂമി റിസർവ് വനമാണെന്നും പ്രവേശനം കർശനമായി നിരോധിച്ചിരിക്കയാണെന്നും ലംഘിക്കുന്നവർക്കെതിരേ വനനിയമ പ്രകാരം കേസെടുക്കുമെന്നും രേഖപ്പെടുത്തിയിട്ടുള്ള ബോർഡാണ് സ്ഥാപിച്ചിട്ടുള്ളത്. അതേ സമയം ചിന്നക്കനാൽ വില്ലേജിൽ വനംവകുപ്പിന് ഭൂമിയില്ലെന്ന് വില്ലേജ് അധികൃതർ വ്യക്തമാക്കി. മുൻപും റവന്യു ഭൂമിയിൽ അധികാരം സ്ഥാപിക്കാൻ വനംവകുപ്പ് ജണ്ട സ്ഥാപിച്ച സംഭവമുണ്ടായിട്ടുണ്ട്.ആ സമയം നാട്ടുകാരുൾപ്പെടെ രംഗത്തെത്തി എതിർത്തിരുന്നു.
ചിന്നക്കനാലിൽ വന വിസ്തൃതി വർധിപ്പിക്കാനും ആളുകളെ കുടിയിറക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ബോർഡു സ്ഥാപിച്ചതെന്നാണ് ആദിവാസികളുൾപ്പെടെയുള്ളവരുടെ ആരോപണം.
2019 ൽ ആനയിറങ്കൽ ജലാശയത്തിന് ചുറ്റുമുള്ള സ്ഥലം ഉൾപ്പെടുത്തി പുതിയ ദേശീയോദ്യാനം സ്ഥാപിക്കുന്നതിന് വനംവകുപ്പ് പദ്ധതി തയാറാക്കിയിരുന്നു.
സർക്കാർ ഈ നിർദേശം തള്ളിയെങ്കിലും വനംവകുപ്പ് പദ്ധതി ഉപേക്ഷിച്ചിരുന്നില്ല.
ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുനൽകിയ 276 ഹെക്ടർ ഭൂമിയും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ പാട്ടക്കാലാവധി അവസാനിച്ച ഭൂമിയും ഉൾപ്പെടെയുള്ള 1252 ഹെക്ടറാണ് ദേശീയോദ്യാനത്തിനായി വനംവകുപ്പ് കണ്ടെത്തിയിരുന്നത്.
ഇതെല്ലാം റവന്യു വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയാണ്. ഇതിൽ അധികാരം സ്ഥാപിച്ച് വനംവകുപ്പിന്റെ കീഴിലാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നാണ് റവന്യു വകുപ്പിന്റെയും അക്ഷേപം