വണ്ണപ്പുറം വനഭൂമി റിപ്പോർട്ട്: എൽഡിഎഫ് മാർച്ച് ഇന്ന്
1549024
Friday, May 9, 2025 12:08 AM IST
കരിമണ്ണൂർ: കർഷകർക്കെതിരേ തെറ്റായ റിപ്പോർട്ട് നൽകിയ വണ്ണപ്പുറം വില്ലേജ് ഓഫീസറുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി ഇന്നു വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ചും തുടർന്നു ധർണയും സംഘടിപ്പിക്കും.
കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ അട്ടിമറിക്കാനുള്ള വനം, കപട പരിസ്ഥിതി, യുഡിഎഫ് കൂട്ടുകെട്ടിനെ ചെറുക്കുക, പട്ടയ നടപടി വേഗത്തിലാക്കുക, മുണ്ടൻമുടി നാരങ്ങാനം മേഖലയിൽ കർഷകർക്കെതിരേ വനംവകുപ്പിന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
രാവിലെ 10നു സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനംചെയ്യും. എൽഡിഎഫ് നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, പി.പി. സുമേഷ്, കെ.എം. സോമൻ, കെ.കെ. ഭാസ്കരൻ, എൻ.കെ. സത്യൻ, വി.ജെ. ജോമോൻ, മനോജ് മാമല തുടങ്ങിയവർ പ്രസംഗിക്കും.
വനഭൂമി റിപ്പോർട്ട് നൽകാൻ
വില്ലേജ് ഓഫീസർക്ക്
എന്തധികാരം: സി.വി. വർഗീസ്
തൊടുപുഴ: തൊമ്മൻകുത്ത് നാരങ്ങാനത്ത് സെന്റ് തോമസ് ഇടവകയുടെ കൈവശത്തിലുള്ള ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് വനംവകുപ്പധികൃതർ പിഴുതുമാറ്റിയ നടപടി ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വ്യക്തമാക്കി. അന്താരാഷ്ട്ര പഠനകോണ്ഗ്രസിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
60 വർഷം മുന്പ് കർഷകരുടെ കൈവശത്തിലുള്ള പ്രദേശമാണിവിടം. ഇവിടെയുണ്ടായിരുന്ന തെങ്ങ് പിഴുതുകളഞ്ഞാണ് കുരിശ് സ്ഥാപിച്ചത്. ഇതുപോലെ വണ്ണപ്പുറം വില്ലേജിലെ 4005 ഏക്കർ വനഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസറുടെ നടപടി നിയമലംഘനമാണ്. ഇല്ലാത്ത അധികാരമാണ് ഉദ്യോഗസ്ഥൻ ഉപയോഗിച്ചത്.
ജില്ലയിലെ ഭൂമിയുടെ സ്ഥിതി സംബന്ധിച്ച് ഉത്തരം നൽകേണ്ടത് ജില്ലാ കളക്ടറാണ്. വില്ലേജ് ഓഫീസറുടെ തെറ്റായ നടപടി സംബന്ധിച്ച് ജില്ലാ കളക്ടറോടും മുഖ്യമന്ത്രിയോടും ചർച്ചചെയ്തതായും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിൽ ഒരിഞ്ചുഭൂമി പോലും കൂടുതലായി വനംവകുപ്പിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നു വണ്ണപ്പുറത്ത് നടക്കുന്ന മാർച്ചിൽ സിപിഐ പങ്കെടുക്കുന്നില്ലെങ്കിൽ അതവരുടെ കാര്യമാണ്.
കൈവശഭൂമി വനഭൂമിയാക്കി മാറ്റാനുള്ളനീക്കത്തിനെതിരേ എൽഡിഎഫ് ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും സി.വി. വർഗീസ് പറഞ്ഞു. ഇതിനിടെ കാളിയാർ ഫൊറോനയുടെ നേതൃത്വത്തിലുള്ള സമരപരിപാടികൾ സംബന്ധിച്ച് അലോചിക്കുന്നതിനായി ഇന്നു വൈകുന്നേരം അഞ്ചിന് കാളിയാർ ഫൊറോന പള്ളിയിൽ വൈദികരുടെയും വിവിധ ഇടവകകളിലെ കൈക്കാരൻമാരുടെയും നേതൃത്വത്തിൽ യോഗം ചേരും.