സണ്ണി ജോസഫിന്റെ സ്ഥാനലബ്ധിയിൽ ഇടുക്കിക്കും അഭിമാനം
1549026
Friday, May 9, 2025 12:08 AM IST
തൊടുപുഴ: കെപിസിസിയെ നയിക്കാൻ നിയമിതനായ സണ്ണിജോസഫ് എംഎൽഎയുടെ സ്ഥാനലബ്ധിയിൽ ഇടുക്കിക്കും അഭിമാനം. വർഷങ്ങൾക്കു മുന്പ് തൊടുപുഴ മൈലക്കൊന്പിൽനിന്നു കണ്ണൂരിലേക്ക് കുടിയേറിയതാണ് സണ്ണി ജോസഫിന്റെ വടക്കേക്കുന്നേൽ കുടുംബം.
മാതാപിതാക്കൾ മലബാറിന് കുടിയേറിയെങ്കിലും സണ്ണി ജോസഫിന്റെ പഠനം ഇവിടെ തുടരുകയായിരുന്നു.
കൊടുവേലിയിലുള്ള ബന്ധുവീട്ടിൽ താമസിച്ചായിരുന്നു പഠനം. നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസവും ന്യൂമാൻ കോളജിൽനിന്നു 1968-70 കാലയളവിൽ പിഡിസിയും 1970-73 കാലയളവിൽ ബിരുദ പഠനവും (ബിഎ ഇക്കണോമിക്സ്) പൂർത്തിയാക്കി.
ബിരുദപഠന സമയത്ത് ന്യൂമാൻ കോളജിൽ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായിരുന്നു. മികച്ച സംഘാടകനായിരുന്ന ഇദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിലപാട് സ്വീകരിച്ചു. ഡിഗ്രി പഠനത്തെത്തുടർന്നു കണ്ണൂരിലേക്ക് പോയ അദ്ദേഹം കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി.
കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായതുമുതൽ കോണ്ഗ്രസ് നേതാവ് കെ.സുധാകരനുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
മലബാറാണ് പ്രവർത്തന മേഖലയെങ്കിലും ന്യൂമാൻ കോളജ് അലുംമ്നി അസോസിയേഷൻ മീറ്റിംഗുകളിൽ പങ്കെടുക്കാൻ അദ്ദേഹം രണ്ടുതവണ തൊടുപുഴയിൽ എത്തിയിരുന്നു.
സണ്ണി ജോസഫിനെ
അഭിനന്ദിച്ചു
തൊടുപുഴ: കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് എംഎൽഎയെ കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ന്യൂമാൻ കോളജ് അലുംമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റുമായ എം. മോനിച്ചൻ അഭിനന്ദിച്ചു.
ന്യൂമാൻ കോളജ് പൂർവവിദ്യാർഥിയായ സണ്ണി ജോസഫ് മികച്ച സംഘാടകനാണെന്നും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളം പ്രതീക്ഷയോടെ കാണുന്നുവെന്നും മോനിച്ചൻ പറഞ്ഞു.