ട്രാവലറും പിക്ക് അപ്പും കൂട്ടിയിടിച്ചു
1548186
Monday, May 5, 2025 11:56 PM IST
തൊടുപുഴ: വെങ്ങല്ലൂർ ഷാപ്പുംപടിയിൽ ട്രാവലറും പിക്ക് അപ്പും കൂട്ടിയിടിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കോഴിക്കോടുനിന്നു മേലുകാവിലേക്ക് വന്ന ട്രാവലറും തൊടുപുഴയിൽനിന്നും തൃശൂരിലേക്ക് പഴങ്ങളുമായി പോയ പിക്ക്അപ്പുമാണ് കൂട്ടിയിടിച്ചത്. പിക്ക്അപ്പിൽ ഇടിച്ച ട്രാവലർ ഇടിച്ചു കയറി സമീപത്തെ മൊബൈൽ, ഫാൻസി കടയുടെ മുൻഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ ചില്ലും മറ്റു ഭാഗങ്ങളും ഓയിലും റോഡിൽ വീണ് അപകടാവസ്ഥ സൃഷ്ടിച്ചതിനാൽ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ സേനാംഗങ്ങൾ വെള്ളം പന്പു ചെയ്ത് അവശിഷ്ടങ്ങൾ റോഡിൽനിന്നു നീക്കം ചെയ്യുകയും റോഡിൽ മരപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു.