രാജയ്ക്ക് അനുകൂലമായ വിധിയിൽ ആശ്വാസം
1548474
Wednesday, May 7, 2025 12:13 AM IST
മൂന്നാർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആഭ്യന്തര പ്രശ്നങ്ങൾ മൂലം വലഞ്ഞിരുന്ന മൂന്നാറിലെ സിപിഎമ്മിനു സുപ്രീം കോടതി വിധി ആശ്വാസമായി. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതി വിധി എ. രാജ എംഎൽഎക്ക് അനുകൂലമായതു സിപിഎം ലളിതമായ രീതിയിലാണ് ആഘോഷിച്ചത്.
പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ പ്രകടനം നടത്തിയെങ്കിലും മുഖ്യനേതാക്കളുടെ അഭാവം ശ്രദ്ധേയമായി. സംസ്ഥാന ജില്ലാ നേതാക്കൾ രാജയെ വിളിച്ചു സന്തോഷം പങ്കുവച്ചു.
ചില പാർട്ടി പ്രവർത്തകർ പൂക്കളും ബൊക്കെയുമായി സന്തോഷം പങ്കുവക്കാനെത്തി. അടുത്ത ചില സുഹൃത്തുക്കൾ കേക്ക് മുറിച്ച് മധുരം പങ്കുവച്ചാണ് വിധിയിലുള്ള സന്തോഷം പ്രകടിപ്പിച്ചത്.
രാജയുടെ എംഎൽഎ പദവി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി തടഞ്ഞതോടെ പദവിയിൽ തുടരാനാവുമെന്നതിലൂടെ സിപിഎമ്മിനു രാഷ്ട്രീയ നേട്ടവും ഉണ്ടാക്കാനായി. രാജയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം വലിയ രീതിയുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് പാർട്ടിക്കുള്ളിൽ ഉടലെടുത്തത്. തൊട്ടുമുന്പ് തുടർച്ചയായ പതിനഞ്ചു വർഷം എംഎൽഎ ആയിരുന്ന എസ്. രാജേന്ദ്രൻ, രാജയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ നീക്കങ്ങൾ നടത്തി എന്ന ആരോപണം ഉയർന്നു.
കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ ഒരു വർഷത്തേക്കു പാർട്ടിയിൽനിന്നു രാജേന്ദ്രനെ പുറത്താക്കുകയും ചെയ്തു. എം.എം. മണിയുടെയും നേതൃത്വത്തിൽ ഒരു വിഭാഗം തനിക്കെതിരേ അണിയറനീക്കങ്ങൾ നടത്തിയാണ് തന്നെ പുറത്താക്കിയതെന്ന് ആരോപിച്ച് രാജേന്ദ്രൻ രംഗത്തുവന്നു.
വിലക്ക് കാലാവധി അവസാനിച്ചെങ്കിലും പാർട്ടിയിൽ ചേരുവാൻ മടിച്ചുനിന്ന രാജേന്ദ്രൻ പാർട്ടി നേതൃത്വവുമായി ഇടഞ്ഞു മുന്നോട്ടുപോയതോടെ പ്രശ്നങ്ങൾ അയവില്ലാതെ തുടർന്നു. ഇതിനിടയ്ക്ക് രാജേന്ദ്രൻ ബിജെപി യിലേക്ക് എന്ന അഭ്യൂഹങ്ങളും ഉയർന്നു.
വിധിയിൽ സന്തോഷം
തനിക്കെതിരേയുള്ള ആരോപണങ്ങളിൽ കഴന്പില്ലെന്നും അതെല്ലാം അടിസ്ഥാനരഹിതമാണെന്നു സുപ്രീംകോടതിയിൽ തെളിഞ്ഞതു സത്യത്തിന്റെ വിജയമാണെന്നും വിധിയിൽ സന്തോഷമുണ്ടെന്നും എ. രാജ എംഎൽഎ പ്രതികരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടി വലിയ കരുത്തായി കൂടെനിന്നു. പിന്തുണയേകി ഒപ്പം നിന്നവരോട് കടപ്പാടുണ്ടെന്നും രാജ പറഞ്ഞു.