ആരോഗ്യവകുപ്പ് ഉറപ്പ് പാലിച്ചില്ല; ഉപ്പുതറ ആശുപത്രി രോഗാവസ്ഥയിൽ
1548748
Wednesday, May 7, 2025 11:53 PM IST
ഉപ്പുതറ: ഡോക്ടർമാരെ നിയമിക്കുമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും ജില്ലാ ആരോഗ്യവകുപ്പും നൽകിയ ഉറപ്പുകളൊന്നും നടപ്പിലാകാത്തതിനാൽ ഉപ്പുതറ കമ്യൂണിറ്റി സെന്ററിൽ ഈവനിംഗ് ഒപിയും കിടത്തിച്ചികിത്സയും തുടങ്ങിയില്ല. ഇതുകാരണം അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തുന്നവർക്ക് പ്രാഥമിക ചികിത്സയും നിഷേധിക്കപ്പെടുകയാണ്.
കഴിഞ്ഞ ദിവസം പെരിയാറിൽ കുളിക്കുന്നതിനിടെ കയത്തിൽ മുങ്ങിയ ചെറുപ്പക്കാരനെ ഉപ്പുതറ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നു. എന്നാൽ, ഡോക്ടർ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു പക്ഷേ ഉപ്പുതറയിൽ ഡോക്ടർ ഉണ്ടായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.
ഡിഎംഒയുടെ അഡ്ഹോക്ക് ലിസ്റ്റിൽനിന്ന് നിയമിച്ച മൂന്ന് താത്്കാലിക ഡോക്ടർമാർ മാത്രമാണ് ഇവിടെയുള്ളത്. മെഡിക്കൽ ഓഫീസറുടെ ചാർജ് ഉണ്ടായിരുന്ന സ്ഥിരംനിയമനം കിട്ടി വന്നയാൾ സ്ഥലംമാറിപ്പോയതിനു പകരം ഡോക്ടറെ നിയമിച്ചില്ല. അയ്യപ്പൻകോവിൽ (ആലടി) എഫ്എച്ച്സിയിലെ മെഡിക്കൽ ഓഫീസർക്ക് ഉപ്പുതറയുടെ ചാർജ് നൽകിയിരിക്കുകയാണ്.
താത്കാലിക നിയമനം ലഭിച്ച ഒരാൾ ഉപരി പഠനത്തിന് പോയി. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഒരു താത്്കാലിക ഡോക്ടറെ ഉപ്പുതറയിലേക്ക് മാറ്റി.
ഇങ്ങനെയുള്ള താത്കാലിക ഡോക്ടർമാരുടെ നേതൃത്വത്തിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 12. 30 വരെ ഒപി മാത്രം പ്രവർത്തിക്കും. ഏഴു പഞ്ചായത്തുകളിലെ മുഴുവൻ പിഎച്ച്സിയുടെയും ഭരണച്ചുമതല ഉണ്ടായിരുന്ന ബ്ലോക്ക് സിഎച്ച്സിയുടെ അവസ്ഥയാണിത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും നിഷ്ക്രിയത്വമാണ് ഹൈറേഞ്ചിലെ ആദ്യത്തെ സർക്കാർ ആശുപത്രി ഗവ. ഡിസ്പൻസറിയുടെ നിലവാരത്തിലേക്ക് തരംതാഴാൻ കാരണം.
ആരോഗ്യ വകുപ്പ് നടപ്പാക്കിയ ഭരണ പരിഷ്കാരത്തിന്റെ ഭാഗമായി എട്ടു മാസം മുൻപ് ഉപ്പുതറ ആശുപത്രിയുടെ ബ്ലോക്ക് കമ്യൂണിറ്റി ഹെൽത്ത് സെന്റർ നഷ്ടമാക്കി. ഇതോടെ സിവിൽ സർജൻ അടക്കമുള്ള ഡോക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർ, പിആർഒ തുടങ്ങി നിരവധി സ്ഥാനങ്ങൾ ഇല്ലാതായി. ഇതോടെ ഈവനിംഗ് ഒപി യും കിടത്തിച്ചികിത്സയും നിലച്ചു.
ഉത്തരവ് സർക്കാർ മരവിപ്പിച്ചെങ്കിലും ഡോക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പുനഃക്രമീകരണം ഉണ്ടായില്ല.
നഴ്സിംഗ് സൂപ്രണ്ട്, നഴ്സുമാർ, മറ്റ് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ തുടങ്ങിയ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. 50 പേരെ കടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള സിഎച്ച്സിയിൽ 400 ഓളം രോഗികൾ ഒപിയിലും ചികിത്സ തേടിയിരുന്നു.
കണ്ണംപടി വനമേഖലയിലെ ഗോത്രവർഗ ഗ്രാമത്തിലെ ആയിരത്തോളം ആദിവാസികളുടെയും പൂട്ടിക്കിടക്കുന്ന നാല് വൻകിട തേട്ടങ്ങളിലെ തൊഴിലാളികളുടെയും നാലു പഞ്ചായത്തുകളിലെ പാവപ്പെട്ടവരുടെയും ഏക ആശ്രയമാണ് ഉപ്പുതറ സിഎച്ച്സി. അടിയന്തരമായി ഡോക്ടർമാരെ നിയമിച്ച് ആശുപതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.