വന്യമൃഗശല്യം പരിഹരിക്കാൻ കൂട്ടായ പരിശ്രമം വേണം: മുഖ്യമന്ത്രി
1377656
Tuesday, December 12, 2023 12:12 AM IST
ചെറുതോണി : ജില്ലയിലെ കാർഷിക മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഭാത സദസിൽ പറഞ്ഞു. ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് പ്രഭാത സദസ് സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ ഇതു പരിഹരിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ സമീപനം സംസ്ഥാനത്തിന് അനുകൂലമല്ല. മനുഷ്യരേക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന വലിയൊരു വിഭാഗവും രാജ്യത്തുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ അരിക്കൊന്പൻ എന്ന ആനയെ പിടികൂടിയപ്പോൾ മേനക ഗാന്ധി നേരിട്ട് വിളിക്കുന്ന സാഹചര്യമുണ്ടായി. ജനങ്ങളുടെ ബുദ്ധിമുട്ട് അവർക്ക് പ്രശ്നമല്ല. ഇങ്ങനെ ചിന്തിക്കുന്നവർ കുറച്ചധികമുണ്ട്. ഇതിനനുസരിച്ചുള്ള നടപടികളും കോടതി ഇടപെടലുകളും ഉണ്ടാകുന്നതാണ് പ്രശ്നം.
വന്യമൃഗശല്യം പരിഹരിക്കുന്നതിന് ഒരു പാക്കേജ് സംസ്ഥാനസർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. അത് അംഗീകരിച്ചില്ല.
സംസ്ഥാനത്തിന് സാധ്യമായ കാര്യങ്ങൾ ചെയ്തു വരികയാണ്. വന്യമ്യഗങ്ങളുടെ ആക്രമണം മൂലം നഷ്ടം സംഭവിക്കുന്ന കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകാനും സർക്കാർ ശ്രമിക്കുന്നുണ്ട്. നഷ്ടപരിഹാര തുക കർഷകർക്ക് നൽകുന്നതിന് കാലതാമസമുണ്ടാകരുതെന്നാണ് സർക്കാർ നിലപാട്. എന്നാൽ, കേരളത്തിന് അർഹമായ വിഹിതം കേന്ദ്ര സർക്കാർ നൽകാത്തതുമൂലം ഇത്തരം സഹായങ്ങൾ വൈകുന്ന സ്ഥിതിയുണ്ട്. 56000 കോടിയിലധികം രൂപയാണ് കേരളത്തിന് ഈ വർഷം ലഭിക്കേണ്ട തുകയിൽ കുറവുണ്ടായിരിക്കുന്നത്. ഓരോ ഘട്ടത്തിലും ഇതിന്റെ പ്രയാസങ്ങൾ നേരിടുകയാണ്.
കേരളം നേടിയ നേട്ടങ്ങളും മുന്നോട്ട് പോകുന്നതിനുള്ള ആശയങ്ങളും ചർച്ച ചെയ്യുന്നതിനാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു. ഇത് ജനസമക്ഷം അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഭരണനിർവഹണത്തിന്റെ സ്വാദ് ജനങ്ങൾക്ക് വേഗത്തിൽ അനുഭവേദ്യമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലയിലുള്ള 250ലധികം വ്യക്തികളാണ് പ്രഭാത സദസിൽ പങ്കെടുത്തത്. ജില്ലാ കളക്ടർ ഷീബ ജോർജ് സ്വാഗതം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാത്യു അറക്കൽ, സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് വി.എസ്. ഫ്രാൻസിസ്, യാക്കോബായ സഭ ഇടുക്കി ഭദ്രാസന മെത്രാപോലീത്ത സക്കറിയ മാർ പീലക്സിനോസ്, എസ്എൻഡിപി മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, കേരള മുസിലിം ജമാഅത്ത് ഇടുക്കി ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൽ കരീം സഖാഫി, അഖില തിരുവിതാംകൂർ മലയര മഹാസഭ പ്രസിഡന്റ് കെ.ബി. ശങ്കരൻ, ആംഗ്ലിക്കൻ ചർച്ച ഓഫ് ഇന്ത്യ ആർച്ച് ബിഷപ്പ് ലേവി ഐക്കര, സന്തോഷ് ട്രോഫി ഫുട്ബോൾ താരം എൻ. പി. പ്രദീപ്, പൈനാവ് അമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡാനിയ റോസ്, കർഷകൻ കുര്യൻ ജോസഫ്, സ്വാതന്ത്ര്യസമരസേനാനി എം. ജോണ്, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സി. കെ. സ്മിത, സ്പെഷ്യൽ ഒളിന്പിക്സിൽ മെഡൽ നേടിയ ശ്രീക്കുട്ടി നാരായണൻ, ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് എന്നിവർ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.