ഇടുക്കിയുടെ ജനകീയ പ്രശ്നങ്ങൾ നവകേരള സദസ് ചർച്ച ചെയ്തില്ല: ഹൈറേഞ്ച് സംരക്ഷണ സമിതി
1377655
Tuesday, December 12, 2023 12:12 AM IST
ചെറുതോണി: ഇടുക്കിയുടെ കാതലായ പല വിഷയങ്ങളും നവകേരള സദസ് ചർച്ച ചെയ്തില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു ഇടുക്കിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടു 12000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഇടുക്കിക്കുവേണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നാളിതുവരെ അതിന്റെ നടപടികളെപ്പറ്റി യാതൊരു വ്യക്തതയുമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ നവകേരള സദസിൽ വ്യക്തത വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും അതിനെപ്പറ്റിയോ തുടർ നടപടികളെപ്പറ്റിയോ യാതൊന്നും പറഞ്ഞില്ല.
വന വത്കരണത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ 364 .89 ഹെക്ടർ റവന്യൂ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നതിന് ഗൂഢ നീക്കം നടന്നു. ഇങ്ങനെ സംഭവിച്ചാൽ ചുറ്റുമുള്ള കർഷകർ വലിയ പ്രതിസന്ധിയിലാകും. സർക്കാർ അറിവോടെയല്ല ഇത് നടന്നതെന്ന് വനം മന്ത്രി പ്രസ്താവന ഇറക്കിയെങ്കിലും നവകേരള സദസിൽ ചർച്ച ചെയ്തില്ലെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിച്ചു. സമാന്തര സർക്കാർപോലെ പ്രവർത്തിക്കുന്ന വനം വകുപ്പിനെ നിയന്ത്രിക്കുന്നതിന് സർക്കാർ തയ്യാറാകണം. വന്യ ജീവി ശല്യം നിയന്ത്രിക്കുന്നതിന് ഓരോ വന മേഖലയുടെയും വാഹക ശേഷിക്കനുസരിച്ചു വന്യ ജീവികളുടെ എണ്ണം നിയന്ത്രിക്കണം. ഇതിനായി വിദേശ രാജ്യങ്ങളിൽ ഫലപ്രദമായി ചെയ്യുന്ന നടപടികൾ പഠിച്ചു നടപ്പിലാക്കണം.
ഭൂരേഖകളിൽ ഏലം കൃഷി എന്നെഴുതിയിരിക്കുന്നതിനാൽ പട്ടയം നിഷേധിക്കപ്പെട്ടവരുടെയും ലാൻഡ് രജിസ്റ്ററിൽ പേരില്ലാത്തതിന്റെ പേരിൽ പട്ടയം നിഷേധിക്കപ്പെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശനമായ കാന്തിപ്പാറ വില്ലേജിലെ കുത്തുങ്കൽ പ്രദേശത്ത് പട്ടയം നിഷേധിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം ഉണ്ടാകണംമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള ഇടുക്കിയുടെ നിരവധിയായ വിഷയങ്ങൾക്ക് നേരെ നവകേരള സദസ് മുഖം തിരിച്ചിരിക്കയാണ്. നാടിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ക്ഷണിച്ചു വരുത്തിയ വ്യക്തികൾക്ക് വിഷയങ്ങൾ അവതരിപ്പിക്കാൻ പോലും അവസരം നൽകിയില്ലെന്നും ആക്ഷേപമുണ്ട്. ഇടുക്കിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഇത്തരം വിഷയങ്ങളിൽ അടിയന്തര നടപടിയുണ്ടാകണമെന്ന് സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരി ആർ. മണിക്കുട്ടൻ എന്നിവർ ആവശ്യപ്പെട്ടു.