നവകേരള സദസിന് ഹൈറേഞ്ചിൽ വരവേൽപ്പ്
1377654
Tuesday, December 12, 2023 12:12 AM IST
ഇടുക്കി: നവകേരള സദസിന്റെ ഇടുക്കി ജില്ലയിലെ രണ്ടാം ദിവസമായ ഇന്നലെ ചെറുതോണി, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങൾ ഉജ്വല വരവേൽപ്പു നൽകി. ചെറുതോണിയിൽ രാവിലെ 10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്മരണയ്ക്കുമുന്പിൽ അഭിവാദ്യമറിയിച്ചായിരുന്നു പത്ര സമ്മേളനം ആരംഭിച്ചത്.
വെള്ളിയാഴ്ച കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് മന്ത്രിസഭാംഗങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. ശനിയാഴ്ചത്തെ പര്യടനം മാറ്റിവയ്ക്കുകയും ഞായറാഴ്ചത്തേത് ക്രമപ്പെടുത്തുകയും ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടതുപക്ഷ ഐക്യത്തിന്റെയും നേതൃനിരയിൽ ശക്തമായ സാന്നിധ്യമായിരുന്നു കാനം രാജേന്ദ്രനെന്ന് പിണറായി വിജയൻ പറഞ്ഞു.
നവകേരള സദസിന് തൊടുപുഴയിൽ വലിയ ബഹുജനമുന്നേറ്റമാണുണ്ടായത്. നവകേരള സദസിന് ഇടുക്കി ജില്ല നൽകുന്ന സ്വീകരണത്തിന്റെ വൈപുല്യവും ആവേശവും നിറഞ്ഞു നിൽക്കുന്നതായിരുന്നു തൊടുപുഴയിലെ ജനസഞ്ചയം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട വേളയിൽ എൽഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയിലെ 380 ാമത്തെ ഉറപ്പ് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തോടെയാണ് നവകേരള സദസ് ഇടുക്കിയുടെ മണ്ണിലേക്ക് കടക്കുന്നത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം മുൻനിർത്തി സെപ്തംബർ 14 ന്, 1960 ലെ ഭൂപതിവ് നിയമം കേരള നിയമസഭ ഭേദഗതി ചെയ്തു. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്ക് മാറ്റം വരും.
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ "കേരളാ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ’ നിയമമാവുന്നതോടെ പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കും വീടിനും പുറമേ സർക്കാർ അനുമതികളോടെ കാർഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടത്തിയ നിർമാണപ്രവർത്തനങ്ങളിൽ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കും. ബിൽ ഇനിയും ഗവർണർ അംഗീകരിച്ചു നൽകിയിട്ടില്ല.
2016 ലെ സർക്കാർ വരുന്പോൾ മെഡിക്കൽ കൗണ്സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ നിലയിലായിരുന്നു ഇടുക്കി മെഡിക്കൽ കോളജ്. മെഡിക്കൽ കൗണ്സിൽ ചൂണ്ടിക്കാട്ടിയ മതിയായ കിടക്കകളുള്ള ആശുപത്രി, കുട്ടികൾക്കുള്ള ഹോസ്റ്റൽ അക്കാദമിക്ക് ബ്ലോക്ക് ഇവയെല്ലാം തുടർന്ന് സജ്ജമാക്കി ഒപി ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിച്ചു.
ഈ വർഷം പുതുതായി 60 വിദ്യാർത്ഥികൾ അടങ്ങുന്ന നേഴ്സിംഗ് കോളജിന്റെ ബാച്ചും ആരംഭിച്ചു.
കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ ഇടുക്കിയിൽ 6459 പട്ടയങ്ങൾ വിതരണം ചെയ്തു. വനാവകാശ നിയമപ്രകാരം 368.94 ഏക്കർ ഭൂമിക്ക് കൈവശാവകാശ രേഖ നൽകി. ആനവിലാസം വില്ലേജിനെ മൂന്നാർ മേഖലയിൽ നിന്നും ഒഴിവാക്കി നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻഒസി വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കി. മൂന്നാറിന്റെ പരിസ്ഥിതി സന്തുലിത വികസന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുന്നതിന് മൂന്നാർ ഹിൽ ഏര്യ അതോറിറ്റി രൂപീകരിച്ചു.
മൂന്നാറിന്റെ വികസനം മുന്നിൽകണ്ട് നടപ്പാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അനധികൃത നിർമാണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും വേണം. ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ജോയിന്റ് ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സംതുലിത വികസനമാതൃകകൾക്കനുസൃതമായുള്ള നിർമാണങ്ങളിലൂടെ ടൂറിസം സാധ്യത വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിച്ച സംസ്ഥാനമായി കേരളം മാറി. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കും.ഇങ്ങനെ ഇടുക്കി ജില്ലയുടെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.