സ്കോളർഷിപ്പ് പരീക്ഷക്കെത്തിയ കുരുന്നുകളെ പരീക്ഷാ ഭവൻ വലച്ചു
1377653
Tuesday, December 12, 2023 12:12 AM IST
നെടുങ്കണ്ടം: സ്കോളര്‍ഷിപ്പ് പരീക്ഷയെഴുതുവാന്‍ എത്തിയവര്‍ പരീക്ഷാഭവന്റെ പിഴവ് മൂലം വലഞ്ഞു. നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പരീക്ഷാ സെന്റർ സംബന്ധിച്ച ആശയക്കുഴപ്പം മൂലം വലഞ്ഞത്.
വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുവാനായി ഹാള്‍ടിക്കറ്റ് നല്‍കിയെങ്കിലും ഈ സെന്ററുകളില്‍ എത്തിയപ്പോള്‍ കിലോമീറ്ററുകള്‍ അകലെയുള്ള മറ്റ് സെന്ററുകളിലാണ് ഇവര്‍ക്ക് പരീക്ഷയെന്ന് അറിയിക്കുകയായിരുന്നു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ദിവസങ്ങള്‍ക്ക് മുമ്പേ ഹാള്‍ ടിക്കറ്റ് തയാറാക്കിയിരുന്നു. എന്നാൽ, സ്കൂളുകള്‍ ഈ ഹാള്‍ടിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതിന് ശേഷം പരീക്ഷാ ഭവന് സെന്ററുകള്‍ മാറ്റി അപ്ഡേറ്റ് ചെയ്താണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഇത് സംബന്ധിച്ച് സ്കൂളുകളെയോ വിദ്യാര്‍ഥികളെയോ അറിയിച്ചിരുന്നില്ല. ഇരട്ടയാറിൽനിന്ന് പരീക്ഷയെഴുതാൻ മൂന്നാറിൽ വരെ എത്തിയ വിദ്യാർഥികൾ അവിടെ എത്തിയപ്പോഴാണ് പരീക്ഷാ സെന്റർ മാറിയത് അറിഞ്ഞത്. പിന്നീട് അവർ മുരിക്കാട്ടുകുടി സ്കൂളിൽ തിരിച്ചെത്തിയാണ് പരീക്ഷ എഴുതിയത്. ഇരട്ടയാർ സെന്റ് തോമസ് സ്കൂളിലെ അന്പതേളം വിദ്യാർഥികൾക്കും ഇതേ അനുഭവം ഉണ്ടായി. രാവിലെ തുടങ്ങേണ്ടിയിരുന്ന പരീക്ഷ പല കേന്ദ്രങ്ങളിലും ഉച്ചക്കു ശേഷമാണ് ആരംഭിക്കാനായത്. എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തിയത്. ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസുവരെ 12000 രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന പരീക്ഷയായിരുന്നതിനാൽ നിരവധി വിദ്യാർഥികൾ പരീക്ഷക്ക് എത്തിയിരുന്നു. പരീക്ഷ അലങ്കോലമായതോടെ പല വിദ്യാർഥികൾക്കും ശരിയായി പരീക്ഷ എഴുതാനായില്ല.
വിദ്യാർഥികൽക്ക് ലഭിച്ച ഹാള്‍ ടിക്കറ്റില്‍ സൂചിപ്പിച്ചിട്ടുള്ള സെന്ററുകളിലേക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് രാവിലെ പരീക്ഷ എഴുതുവാന്‍ എത്തിയപ്പോഴാണ് ഇവരുടെ സെന്ററുകള്‍ വേറെയാണെന്ന് മനസിലായത്. നവകേരളാ സദസ് ഉള്ളതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന ആശങ്കമൂലം പല രക്ഷിതാക്കളും ഏഴുമണിക്ക് മുമ്പുതന്നെ കുട്ടികളുമായി നെടുങ്കണ്ടത്തെ സെന്ററില്‍ എത്തിയിരുന്നു.
എന്നാല്‍, പരീക്ഷ ആരംഭിക്കുവാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കുകയാണ് സെന്റര്‍ ഇതല്ല എന്ന അറിയിപ്പ് ഇവര്‍ക്ക് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് കിലോമീറ്റര്‍ അപ്പുറമുള്ള പരീക്ഷ സെന്ററുകളിലേക്ക് എത്തുവാന്‍ സാധിക്കാതെ പരീക്ഷ നഷ്ടമാകും എന്നുള്ള ആശങ്കയും ഉടലെടുത്തു. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇടപട്ട് കൂടുതല്‍ ചോദ്യപ്പേപ്പറുകള്‍ എത്തിച്ച് എല്ലാവര്ക്കും പരീക്ഷ എഴുതാന്‍ അവസരം നല്കി. നെടുങ്കണ്ടം ഗവൺമെന്റ് സ്കൂളില്‍ രാവിലെ 9.30 ക്ക് ആരംഭിക്കേണ്ട പരീക്ഷ 11.30 നാണ് ആരംഭിച്ചത്.
ഇതോടെ മണിക്കൂറുകളോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും ഭക്ഷണം പോലും കഴിക്കാതെ പൊരി വെയിലത്ത് നില്‍ക്കേണ്ട സാഹചര്യമുണ്ടായി. പരീക്ഷാഭവന്റെ സോഫ്റ്റ് വെയറിൽ ഉണ്ടായ തകരാറാണ് പ്രശ്നങ്ങള്‍ക്ക് കരണമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.