ലഹരിക്കടത്ത് തടയാൻ എക്സൈസ്
1377651
Tuesday, December 12, 2023 12:12 AM IST
തൊടുപുഴ: ക്രിസ്മസ്, പുതുവത്സരാഘോഷം കണക്കിലെടുത്തുള്ള ലഹരിക്കടത്തിന് തടയിടാൻ അതീവ ജാഗ്രതയോടെ എക്സൈസ്. വ്യാജമദ്യവും മറ്റ് ലഹരി വസ്തുക്കളുടെ കടത്തും വിപണനവും ഉപയോഗവും തടയാൻ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ജില്ലയിൽ ആരംഭിച്ചതായി ഇടുക്കി അസി.എക്സൈസ് കമ്മീഷണർ കെ.കാർത്തികേയൻ പറഞ്ഞു. ഈ മാസം അഞ്ചിന് ആരംഭിച്ച സ്പെഷൽ ഡ്രൈവ് ജനുവരി മൂന്നു വരെ തുടരും.
ഇതിന്റെ ഭാഗമായി അതിർത്തി ചെക്പോസ്റ്റുകളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കി. വ്യാജ വാറ്റിനു സാധ്യതയേറിയ മലയോര, വന, തോട്ടം മേഖലകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി പാർട്ടികൾ അരങ്ങേറാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. പോലീസ്, റവന്യു, വനം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകളും നടത്തും.നേരത്തെ വാഗമണ്ണിലും മറ്റും നടന്ന ലഹരിപാർട്ടികളിൽ നിന്നും എംഡിഎംഎ ഉൾപ്പെടെ പിടികൂടിയിരുന്നു.
മദ്യ -ലഹരിമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിന് ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യം, ലഹരിമരുന്ന് എന്നിവ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങൾ ജനങ്ങൾക്ക് കണ്ട്രോൾ റൂമിൽ അറിയിക്കാം.
ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയോഗിച്ചു. ലൈസൻസ് സ്ഥാപനങ്ങളിൽ നിന്നല്ലാതെ ആരും മദ്യം വാങ്ങി ഉപയോഗിക്കരുതെന്നും വ്യാജമദ്യ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ ഇടയാക്കാമെന്നും എക്സൈസ് മുന്നറിയിപ്പ് നൽകുന്നു.