വൈറൽ പനി പടരുന്നു : പ്രതിരോധ നടപടിയില്ല
1377650
Tuesday, December 12, 2023 12:12 AM IST
ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിൽ വൈറൽ പനി പടരുന്നു. ദിനംപ്രതി നൂറു കണക്കിന് ആളുകളാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നത്.ഡെങ്കിപ്പനി എത്തുന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.
മേഖലയിൽ എവിടെയെങ്കിലും ഡെങ്കിപ്പനി വ്യാപകമായതായാണ് സൂചന നൽകുന്നത്. എന്നാൽ ഇത് എവിടെയെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ശക്തമായ ജാഗ്രത നിർദ്ദേശം നൽകുമ്പോഴും സർക്കാർ മേഖല നിർജീവമാണ്.
വാഴത്തോപ്പ്, തടിയംപാട്, കുതിരക്കല്ല്, വിമലഗിരി, മരിയാപുരം, മുളക് വള്ളി എന്നിവിടങ്ങളിലാണ് ഇപ്പോൾ പനി ബാധിതർ കൂടുതലുള്ളത്. ചെറിയ ക്ലിനിക്കുകളിൽ പോലും ദിനംപ്രതി 50-ൽ അധികം പേർ പനിയും ശാരീരിക വേദനയും ബാധിച്ച് എത്തുന്നുണ്ട്. കടുത്ത ശരീര വേദനയും ചെറിയ പനിയുമാണ് വൈറൽ പനിയുടെ പ്രധാന ലക്ഷണം. തൊണ്ടവേദനയും കഫക്കെട്ടും ഒപ്പമുണ്ടാകും.
ശരീരത്തിലെ ജലാംശം കുറയുന്നത് ക്ഷീണം വർദ്ധിപ്പിക്കും.ഡെങ്കിപ്പനി ഉള്ളവരിൽ നിന്ന് വേഗത്തിൽ വൈറൽപ്പനി പടരുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.ഒരു ഡെങ്കിപ്പനി രോഗിയിൽ നിന്ന് നിരവധി പേരിലേയ്ക്ക് വൈറൽപ്പനി പടരാൻ സാധ്യത ഏറെയാണ്. ഇതുകൊണ്ട് തന്നെ ഡെങ്കിപ്പനിയുടെ ഉറവിടം സ്ഥിരീകരിച്ച് മുൻ കരുതൽ നടപടി സ്വീകരിക്കേണ്ട അടിയന്തിര സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടർമാർ പറയുന്നു.
എന്നാൽ ജില്ലയിലെ സർക്കാർ ആരോഗ്യരംഗം നിർജീവ അവസ്ഥയിലാണ്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇടുക്കിയിൽ എത്തിയിരുന്നെങ്കിലും ഇത്തരം വിഷയങ്ങളെപ്പറ്റി ചിന്തിക്കാൻ പോലും ആരോഗ്യ വകുപ്പിനായില്ല.