വണ്ണപ്പുറത്ത് വൈദ്യുതി മുടങ്ങുന്നു: ഒളിച്ചു കളിച്ച് ഉദ്യോഗസ്ഥർ
1377649
Tuesday, December 12, 2023 12:12 AM IST
വണ്ണപ്പുറം: പഞ്ചായത്തിൽ വൈദ്യുതി മുടക്കം പതിവായതോടെ വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ. ഇതോടെ കാളിയാർ കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കവും സ്ഥിരം സംഭവമായി. വൈദ്യുതി മുടക്കം സംബന്ധിച്ച് പരാതി പറയാൻ എഇയെ വിളിച്ച മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റിനോട് അപമാര്യാദയായി സംസാരിച്ചതായും പരാതി ഉയർന്നു. വൈദ്യുതി തകരാർ പറയാൻ സെക്ഷൻ ഓഫീസിൽ വിളിച്ചാൽ ഫോണ് എടുക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം പകൽ മുഴുവൻ വണ്ണപ്പുറം ടൗണിൽ വൈദ്യുതി ഇല്ലായിരുന്നു. മിക്ക ദിവസങ്ങളിലും രാവിലെ മുതൽ ടച്ച് വെട്ട്, ലൈനിൽ തകരാർ തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞ് വൈദ്യുതി മുടക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇത് മൂലം വ്യാപാരികളും സംരംഭകരും നാട്ടുകാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. പതിവായുള്ള വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ വൈദ്യുതി മുടങ്ങിയതോടെ നാട്ടുകാർ ചേർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ ടൗണിൽ തടഞ്ഞു വയ്ക്കുകയും ചെയ്തു. പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഇത് സംബന്ധിച്ച് കാളിയാർ സെക്ഷൻ ഉദ്യോഗസ്ഥർ പോലീസിൽ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഇന്നലെ രാവിലെ അപ്രതീക്ഷിതമായി മുടങ്ങിയ വൈദ്യുതി 11.30ന് ശേഷമാണ് പുനസ്ഥാപിച്ചത്. 11 കെവിലൈനിൽ മരം വീണത് മൂലമാണ് വൈദ്യുതി അപ്രതീക്ഷിതമായി മുടങ്ങിയതെന്നും മറ്റുള്ള ദിവസങ്ങളിൽ മുൻകൂട്ടി അറിയിപ്പ് നൽകിയാണ് വൈദ്യുതി മുടക്കുന്നതെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റിനോട് അപമര്യാദയായി സംസാരിച്ചു എന്നത് വാസ്തവവ വിരുദ്ധമാണെന്നും സ്വകാര്യ ഫോണിൽ വിളിക്കാതെ ഓഫീസ് ഫോണിൽ വിളിക്കാൻ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്ന് എ. ഇ പി.എസ്.പ്രിയങ്ക പറഞ്ഞു.
എന്നാൽ വൈകുന്നേരം അഞ്ചിന് പുനസ്ഥാപിക്കുമെന്ന് പറഞ്ഞ വൈദ്യുതി രാത്രിയായിട്ടും പുനസ്ഥാപിക്കാത്തതിനെ തുടർന്നാണ് ഫോണ് ചെയ്തതെന്നും ഒൗദ്യോഗിക ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്നാണ് സ്വകാര്യ ഫോണിൽ വിളിച്ചതെന്നും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബാബു കുന്നത്തുശേരി പറഞ്ഞു.
പതിവായുള്ള വൈദ്യുതി മുടക്കവും ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ പെരുമാറ്റവും സംബന്ധിച്ച് മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്ക് അസോസിയേഷൻ പരാതി നൽകി. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ ഭീമഹർജി നൽകാനുള്ള ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്.