മുഖ്യമന്ത്രി എത്തുന്നതിനു മുന്നെ യൂത്ത് കോണ്‍ഗ്രസുകാർ തടങ്കലിൽ
1377467
Sunday, December 10, 2023 11:53 PM IST
തൊടുപുഴ: ഇന്നലെ വൈകുന്നേരം നടന്ന നവകേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുന്നോടിയായി തൊടുപുഴയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി.
ജില്ലാ പ്രസിഡന്റ് ഫ്രാൻസീസ് അറക്കപ്പറന്പിൽ, ജില്ലാ സെക്രട്ടറിമാരായ ഷാനു ഷാഹുൽ, ടി.എസ്.ഫൈസൽ, കെഎസ്യു സംസ്ഥാന കമ്മിറ്റിയംഗം ജോസുകുട്ടി ജോസഫ്, മുൻ ജില്ലാ സെക്രട്ടറി എബി മുണ്ടക്കൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
നവകേരള സദസ് നടക്കുന്ന വേദിക്ക് 200 മീറ്റർ അകലെ പ്രസ്ക്ലബിനു സമീപത്തുവച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനു മണിക്കൂറുകൾക്കു മുന്‍പു തന്നെ പ്രവർത്തകർ ഇവിടെയുള്ള ഹോട്ടലിനു സമീപം തന്പടിച്ചിരുന്നു.
ചിലർ കറുത്ത ഷർട്ടും ധരിച്ചിരുന്നു. ഇതിനിടെ പോലീസ് പല തവണ സ്ഥലത്തു നിരീക്ഷണം നടത്തി. പിന്നീട് കൂടുതൽ പോലീസ് സംഘമെത്തി. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഇവരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ കയറ്റുകയായിരുന്നു.