നവകേരള സദസ് ഇടുക്കിയിൽ:കേന്ദ്രത്തിനെതിരേ ശബ്ദിക്കാൻ യുഡിഎഫ് എംപിമാർ തയാറാകുന്നില്ല: മുഖ്യമന്ത്രി
1377465
Sunday, December 10, 2023 11:53 PM IST
തൊടുപുഴ: കേന്ദ്രസർക്കാർ കേരളത്തോടു കാണിക്കുന്ന വിവേചനത്തിനെതിരെ ശബ്ദമുയർത്താൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ജില്ലയിലെ ആദ്യയോഗം തൊടുപുഴ മുനിസിപ്പൽ പഴയ ബസ് സ്റ്റാന്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിനുതകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നത്.
വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക് നമുക്കും എത്താൻ കഴിയണം. അതിന് സമസ്തമേഖലകളിലും വികസനമുണ്ടാകണം. ഇതിനുള്ള ശ്രമം നടത്തുന്പോൾ കേന്ദ്രം നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്പോൾ യുഡിഎഫ് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് എന്തിനാണെന്നു വ്യക്തമാകുന്നില്ല. പൊതുവായ പ്രശ്നങ്ങളിൽ സംസ്ഥാനത്തിനു വേണ്ടി ശബ്ദമുയർത്താൻ ഒരുമിച്ചുനിൽക്കണം.
വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോണ്ഗ്രസിനില്ലെന്നും പലപ്പോഴും വർഗീയതയുമായി സമരസപ്പെടുന്ന രീതിയാണ് ഇവർക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴയിലെ യോഗത്തിനു ശേഷം രാത്രി 7.15ഓടെയാണ് മുഖ്യമന്ത്രി തൊടുപുഴയിലെത്തിയത്.
വൻ വരവേൽപ്പ്
കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും കുടിയേറ്റ ജനതയുടെയും നാടായ ഇടുക്കിയിലേക്ക് എത്തിയ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തൊടുപുഴയിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. എറണാകുളം ജില്ലയിലെ മണ്ഡല പര്യടനങ്ങൾ മൂവാറ്റുപുഴയിൽ പൂർത്തിയാക്കി വൈകുന്നേരം ഏഴോടെ ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തി.
ആദ്യകേന്ദ്രമായ തൊടുപുഴ മണ്ഡലത്തിലെ വേദിയായ ഗാന്ധി സ്ക്വയർ പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് കാത്തിരുന്ന ജന സഹസ്രങ്ങളുടെ നടുവിലേക്ക് പിണറായി വിജയനും സംഘവുമെത്തിയതോടെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു.മുഖ്യമന്ത്രിയെത്തുന്നതിനു മുന്നോടിയായി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. എൻ.ബാലഗോപാൽ, വി.അബ്ദുറഹ്മാൻ എന്നിവർ വേദിയിലെത്തിയതോടെ സമ്മേളനം ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് സ്വാഗതവും എഡിഎം ഷൈജു പി.ജേക്കബ് നന്ദിയും പറഞ്ഞു. എം.എം.മണി എംഎൽഎ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജില്ലാ കളക്ടർ ഷീബാ ജോർജ്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ, എൽഡിഎഫ് കണ്വീനർ കെ.കെ.ശിവരാമൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ, കേരള കോണ്ഗ്രസ് ഉന്നതാധികാര സമിതിയംഗം കെ.ഐ.ആന്റണി, മുഹമ്മദ് ഫൈസൽ, ടി.ആർ.സോമൻ, ടി.കെ.ശിവൻനായർ, പി.പി.സുമേഷ്, കെ.എൽ.ജോസഫ്, ജിമ്മി മറ്റത്തിപ്പാറ എന്നിവർ പങ്കെടുത്തു.
വൻ ജനപ്രവാഹം; ലഭിച്ചത് 9425 പരാതികൾ
തൊടുപുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ജില്ലയിലെ ആദ്യ വേദിയായ തൊടുപുഴയിൽ വൻ ജന പങ്കാളിത്തവും പരാതി പ്രവാഹവും. മുനിസിപ്പിൽ മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ വൈകുന്നേരം 6.30ന് ആയിരുന്നു പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും ഉച്ചയോടെ തന്നെ മൈതാനത്തേയ്ക്ക് ജനങ്ങൾ ഒഴുകിയെത്തി.
ജനങ്ങൾക്ക് പരാതി നൽകാനായി 20 കൗണ്ടറുകളാണ് സമ്മേളന വേദിക്കരികിലായി ഒരുക്കിയിരുന്നത്. ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് പരാതികൾ സ്വീകരിക്കാൻ തുടങ്ങിയത്. സ്ത്രീകൾ ഉൾപ്പെടെ ഏറെ നേരം കാത്തു നിന്നാണ് പരാതികൾ നൽകിയത്.
ഭിന്നശേഷിക്കാർക്കും വയോധികർക്കും മുൻഗണനാ സൗകര്യം അധികൃതർ ഏർപ്പെടുത്തിയിരുന്നു. വിവിധ കൗണ്ടറുകളിൽനിന്നായി 9425 പരാതികളാണ് നവകേരള സദസിനോടനുബന്ധിച്ച് ലഭിച്ചത്.