മരുന്നു വാങ്ങാൻ പോലും പണമില്ലെങ്കിലും നവകേരള രാഷ്ട്രീയ യാത്രയ്ക്ക് ധൂർത്തിനൊരു കുറവുമില്ലെന്ന്
1377464
Sunday, December 10, 2023 11:53 PM IST
ചെറുതോണി: രോഗികൾക്ക് പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ വാങ്ങാൻപോലും ഖജനാവിൽ പണമില്ലാത്തപ്പോൾ പിണറായിയുടെ രാഷ്ട്രീയ യാത്രയ്ക്ക് കോടികൾ ചെലവഴിക്കുന്നത് അപലപനീയമെന്ന് കെപിസിസി നിർവാഹകസമിതി അംഗം എ.പി. ഉസ്മാൻ.
സിറിഞ്ച് വാങ്ങാനും ഗ്ലൂക്കോമീറ്ററിൽ ഉപയോഗിക്കുന്ന സ്ട്രിപ്പ് വാങ്ങാൻപോലും പണമില്ലാതെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി റഫറൽ ആശുപത്രിയുടെ നിലവാരത്തിലേക്ക് തരംതാണിരിക്കുമ്പോഴാണ് നവകേരള സദസിന് കോടികൾ ധൂർത്തു നടത്തി ഉത്സവമാക്കുന്നത്.
സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ സന്ദർശന നിരോധനം ഏർപ്പെടുത്തിയ ഇടുക്കി അണക്കെട്ടിനെ ദീപാലംകൃതമാക്കിയ പണമുണ്ടായിരുന്നെങ്കിൽ മന്ത്രിയുടെ മണ്ഡലത്തിലെ കേടായ ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കാൻ കഴിയുമായിരുന്നെന്നും ഉസ്മാൻ ആക്ഷേപിച്ചു. കോൺഗ്രസ് മരിയാപുരം മണ്ഡലം ജനറൽബോഡി ഇടുക്കി ജവഹർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉസ്മാൻ. മണ്ഡലം പ്രസിഡന്റ് ജോബി തയ്യിൽ അധ്യക്ഷത വഹിച്ചു.
നേതാക്കളായ എം.ഡി. അർജുനൻ, അനീഷ് ജോർജ്, തങ്കച്ചൻ വേമ്പേനിയിൽ, എം.ടി. തോമസ്, തങ്കച്ചൻ അമ്പാട്ടുകുന്നേൽ, വിജയൻ കല്ലിങ്കൽ, രവി കിഴക്കനെത്ത്, ബെന്നി ആനിക്കാട്ട്, ലിജോ കുഴിഞ്ഞാലിക്കുന്നേൽ, എസ്. ശ്രീലാൽ, സാബു ജോസഫ് , കെ.ജെ. ലിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.