രാജാക്കാടിന്റെ വികസന സ്വപ്നങ്ങൾ മന്ത്രിമാരുടെ ശ്രദ്ധയിലേക്ക്
1377462
Sunday, December 10, 2023 11:53 PM IST
രാജാക്കാട്: നവകേരള സദസിന്റെ ഭാഗമായി ഇടുക്കിയിലെ എല്ലാ നിയോജക മണ്ഡല കേന്ദ്രങ്ങളിലും എത്തുന്ന മന്ത്രിമാർ അറിയാൻ രാജാക്കാടിന്റെ വികസന സ്വപ്നങ്ങൾ പങ്കുവയ്ക്കും. ആരോഗ്യ മേഖലയിൽ വളരെ പരിമിതികളുള്ള രാജാക്കാട് 35 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് പാറ്റേൺ പോലും പൂർത്തിയാക്കിയിട്ടില്ല. ആശുപത്രിയുടെ പദവി സാമൂഹ്യാരോഗ്യ കേന്ദ്രം ആക്കി ഉയർത്തി എന്നതു മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനത്തിൽ വർഷാവർഷം കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും നിർമിക്കുന്നുണ്ടെങ്കിലും കിടത്തി ചികിത്സ നടക്കുന്നില്ല. ഡീൻ കുര്യാക്കോസ് എംപി വനിതാ വാർഡിനായി ഫണ്ടും നൽകിയിട്ടുണ്ട്. സമീപത്തെ ഏഴു പഞ്ചായത്തിലെ ജനങ്ങൾക്ക് ചികിത്സ ലഭിക്കുവാനുള്ള സിഎച്ച്സിയിൽ ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫ് നഴ്സുമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിച്ച് കിടത്തിച്ചികിത്സ ആരംഭിക്കണമെന്നും രണ്ടു മാസമായി വിതരണം നിലച്ച ഇൻസുലിൻ പോലുള്ള മരുന്നുകൾ എത്തിക്കണമെന്നതുമാണ് പ്രധാന ആവശ്യം.
നിരവധി അബ്കാരി, മയക്കുമരുന്ന് കേസുകളുള്ള മേഖലയിൽ എക്സൈസ് ഓഫീസ് അനുവദിക്കുമെന്നുള്ള പ്രഖ്യാപനവും അഗ്നിശമന സേനാ ഓഫീസ് സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനവും നടപ്പിലായിട്ടില്ല. കോടതിയുടെ ആവശ്യം സർക്കാരിൽ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതീക്ഷ മാത്രമാണുള്ളത്. ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള കള്ളിമാലി വ്യൂ പോയിന്റ് പദ്ധതിയുടെ ഗുണം ലഭ്യമാക്കാൻ ടൂറിസം ഡിപ്പാർട്ടുമെന്റിന് സാധിച്ചിട്ടില്ല.
ആനപ്പാറ, കനകക്കുന്ന്, കുരങ്ങുപാറ, കുത്തുങ്കൽ വിനോദ സഞ്ചാര പദ്ധതികളും ആലോചനകളിൽ മാത്രമാണ്.ഭൂമി പ്രശ്നം പരിഹരിക്കപ്പെടാത്തതിനാൽ കടമുറികൾ ഇരിക്കുന്ന സ്ഥലങ്ങൾക്ക് പലതിനും പട്ടയമില്ല. നവീകരണം നടത്തുന്നതിനും വായ്പ എടുക്കുന്നതിനുമെല്ലാം തടസങ്ങളുണ്ട്. വലിയകണ്ടം എന്നറിയപ്പെട്ടിരുന്ന രാജാക്കാട്ട് നെൽകൃഷി നിലച്ചിട്ട് വർഷങ്ങളായി.
വെള്ളം വറ്റിയ പാടങ്ങളിൽ മറ്റു പച്ചക്കറി കൃഷികൾ ചെയ്യുന്ന കർഷകർക്ക് ജലസേചന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും നെൽകൃഷിക്ക് യോഗ്യമല്ലാത്ത നിലം മറ്റു കൃഷികൾ നടത്തുന്നതിന് കർഷകന് അവകാശം നൽകണമെന്നും ആവശ്യമുണ്ട്. നിരവധി കായിക താരങ്ങളുള്ള മേഖലയിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കോട് കൂടിയ കളിസ്ഥലം അനുവദിക്കണമെന്നും പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ പണികൾ ഉടൻ പൂർത്തിയാക്കാൻ നടപടി വേണമന്നുമാണ് പ്രധാന സ്വപ്നങ്ങൾ.