കൈയേറ്റ ഭൂമിയിലൂടെ നവകേരള യാത്ര...
1377461
Sunday, December 10, 2023 11:53 PM IST
കട്ടപ്പന: സർക്കാർ വീക്ഷണത്തിൽ കൈയേറ്റക്കാർ താമസിക്കുന്ന ഹൈറേഞ്ചിലൂടെ മന്ത്രിസഭയുടെ നവകേരള യാത്ര കടന്നുപോകുന്പോഴും പതിനായിരങ്ങൾ പങ്കെടുക്കുന്ന നവകേരള സദസ് നടത്തുന്പോഴും സർക്കാർ കുടിയേറ്റക്കാരെ കാണണം. നവകേരള യാത്രയ്ക്ക് അകന്പടി ചെയ്യുന്ന ജനങ്ങളും സദസിൽ പങ്കെടുക്കുന്ന പതിനായിരങ്ങളും കൈയേറ്റക്കാരാണോ എന്നു തിരിച്ചറിയണം.
കോടതി വ്യവഹാരങ്ങളുടെപേരിൽ ഇടുക്കിയിലെ കൈയേറ്റക്കാരുടെ കണക്കെടുത്ത സർക്കാർ, ഇപ്പോഴെങ്കിലും ഇടുക്കിയിലെ കുടിയേറ്റക്കാരുടെ കണക്കെടുത്ത് കോടതിയിൽ നൽകാൻ തയാറാകുമോ? മന്ത്രിസഭയെ വരവേൽക്കാൻ തടിച്ചുകൂടുന്ന ജനസഹസ്രങ്ങൾ കുടിയേറ്റക്കാരാണെന്നു സർക്കാരിനു ബോധ്യംവന്നാൽ അവരുടെ ഭൂമിയുടെ അവകാശങ്ങൾ അംഗീകരിച്ചു നൽകണം.
1960ലെ കേരള ഭൂപതിവു നിയമപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ കൃഷിചെയ്തു അതിജീവിക്കുന്ന പൗരന്മാർക്ക് വീടും വ്യാപാര ആവശ്യത്തിനുള്ള നിർമാണങ്ങൾ നടത്താനും അവകാശമുണ്ടോ എന്ന് നവകേരള സദസിലെങ്കിലും പ്രഖ്യാപിക്കണം. സർ, അങ്ങയുടെ സർക്കാർ പാസാക്കിയ ഭൂ പതിവു ഭേദഗതി നിയമം - 2023 ഇതുവരെ നിയമമായിട്ടില്ല. ഗവർണറുടെ ഒപ്പിനായി ബിൽ കാത്തുകിടക്കുകയാണ്.
ബിൽ നിയമമായാലും 1960ലെ ഭൂപതിവു നിയമമനുസർച്ച് സർക്കാർ ഭൂമി പതിച്ചു നൽകിയവർ നൂലാമാലകളിൽപ്പെടും. ഭേദഗതി ബിൽ അനുസരിച്ച് കൃഷിക്കായി പതിച്ചു നൽകിയ ഭൂമിയിലെ വാസഗൃഹം ഒഴിച്ചുള്ള എല്ലാ നിർമാണങ്ങളും നിയമവിരുദ്ധമാകും. അപ്രകാരം നിയമവിരുദ്ധമായ നിർമാണങ്ങൾ ക്രമവത്കരിച്ചു നൽകുമെന്നാണ് ബില്ലിലെ വ്യവസ്ഥ.
നിർമാണങ്ങൾ നിയമവിരുദ്ധമാണെന്ന് അംഗീകരിച്ച് ക്രമവത്കരിച്ചു ലഭിക്കാൻ ഓരോ നിർമിതിയുടെ കാരണക്കാരനും സർക്കാരിൽ അപേക്ഷ നൽകണം. അപേക്ഷ നൽകുന്നതോടെ നിർമാണം നിയമവിരുദ്ധമായി കണക്കാക്കപ്പെടും. അപ്രകാരം നിയമവിരുദ്ധമായ നിർമാണങ്ങൾക്ക് ഒരോന്നിനും അപേക്ഷ സ്വീകരിച്ച് ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ വിസ്തീർണം അളന്നുതിട്ടപ്പെടുത്തി ഫീസ് അഥവ, പിഴ ചുമത്തി ക്രമവത്കരിച്ചു നൽകണം.
അതുവരെ നിർമാണങ്ങൾ നിയവിരുദ്ധമായി നിലനിൽക്കും. എത്രകാലം ഈ ക്രമവത്കരണത്തിനു വേണ്ടിവരും എന്നത് ഇവിടത്തെ പട്ടയ നടപടികളിൽനിന്നു വ്യക്തമാണ്. ഇന്നത്തെ നിലയിൽ ഇതിനു പതിറ്റാണ്ടുകൾ വേണ്ടിവരും. കൂടാതെ ഓരോ ക്രമവത്കരണവും ഉദ്യോഗസ്ഥരുടെ ഔദാര്യവുമാകും.
നിയമം ലംഘിച്ചുള്ള നിർമാണം ക്രമവത്കരിക്കുന്നതുവരെ ക്രയവിക്രയം ചെയ്യുന്നതിനോ ഈടുവയ്ക്കുന്നതിനെോ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും. ഇപ്പോൾ നിലവിലുള്ള നിർമാണ നിരോധനത്തിന്റെ മേൽ പുതിയൊരു കുരുക്കായി ഇതു മാറും.
സർ, 2016ൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടാകുന്നതുവരെ 1960ലെ പതിവു നിയമനുസരിച്ച് പതിച്ചു നൽകിയിട്ടുള്ള ഭൂമിയിൽ നിർമാണങ്ങൾക്ക് വിലക്കുണ്ടായിരുന്നില്ല. 1960 ലെ പതിവു ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണം അനുവദിച്ചിട്ടില്ലെന്ന് 2016ൽ കോടതിയെ ബോധിപ്പിച്ചതു സർക്കാരാണ്. അതുണ്ടായില്ലായിരുന്നെങ്കിൽ പട്ടയഭൂമിയിലെ നിർമാണങ്ങൾ നിയമവിധേയമായിത്തന്നെ തുടരുമായിരുന്നു.
എന്തിനാണ് 1960ലെ നിയമത്തിൽ അത്തരമൊരു വ്യവസ്ഥ ഉന്നയിക്കപ്പെട്ടതെന്നും സർക്കാർ അറിയണം. വെള്ളത്തൂവലിൽ ഒരു നിർമാണത്തിനു വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ സാധൂകരിക്കാനാണ് സർക്കാർ അഭിഭാഷകൻ നിയമത്തിലെ പുതിയ വ്യഖ്യാനവുമായി എത്തിയത്. അതോടെയാണ് ഹൈറേഞ്ചിലെ പട്ടയഭൂമി കൃഷിക്കും വാസഗൃഹങ്ങക്കും മാത്രമാണെന്ന വ്യാഖ്യനമുണ്ടയത്. ഇതു പിൻവലിക്കാൻ സർക്കാരിനാകും.
2019 ഓഗസ്റ്റ് 22നാണ് ഇടുക്കി ജില്ലയിലെ വാസഗൃഹങ്ങൾ ഒഴിച്ചുള്ള നിർമാണങ്ങൾ മുഴുവൻ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ആ ഉത്തരവു പിൻവലിച്ചാലും നിർമാണം സാധ്യമാകും. ഇതുവരെ നടത്തിയിട്ടുള്ള നിർമാണങ്ങൾ സാധുവാക്കി സർക്കാർ ഉത്തരവിട്ടാലും ക്രമവത്കരണത്തിന്റെ പേരിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി ഒഴിവാകും.
മൂന്നാറിലെ അനധികൃത നിർമാണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നാണ് 2016ലെ കോടതിയുടെ ഇടക്കാല ഉത്തരവിലുള്ളത്. 1960ലെ നിയമവും നിർമാണ വ്യവസ്ഥകളൊന്നും കോടതിയുടെ ഉത്തരവിൽ ഉണ്ടായിട്ടില്ല.
ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി വേണമെന്ന് സർക്കാർ ഉത്തരവിട്ടപ്പോൾ ഇതിനെതിരേ സ്വകാര്യ വ്യക്തികൾ കോടതിയെ സമീപിച്ചപ്പോഴാണ് സർക്കാർ ഉത്തരവു സംരക്ഷിക്കാൻ 1960ലെ നിയമത്തിന്റെ അകിലുപിടിച്ച് സർക്കാർ കോടതിയിൽ വാദിച്ച് നിർമാണനിരോധനം കേരളം മുഴുവനാക്കി കോടതിയുടെ ഉത്തരവ് വാങ്ങിയത്.
1960ലെ ഭൂ പതിവു നിയമനുസർച്ച് ഇടുക്കി, പത്തനംതിട്ട, കൊല്ലം, തൃശൂർ, എറണാകുളം ജില്ലകളിലാണ് കൂടുതലായും സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. അതിനാൽ സർക്കാരിന്റെ നിർമാണ നിരോധനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ ജില്ലകളിലാണ്.
ഇടുക്കിയിലെത്തുന്ന മന്ത്രിസഭ ഇതൊന്നു മനസിലാക്കാൻ വീണ്ടും തിരുവനന്തപുരത്ത് എത്തേണ്ട ആവശ്യമില്ല. നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്ന ജനങ്ങളെ കണ്ടാൽ മതി.